തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടന് ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറല്‍ പാർട്ടിസിപ്പേഷൻ (SVEEP) അംബാസ്സഡർ ആയതിനാല്‍ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്‍ഥിയുമൊത്തുള്ള ടോവിനോയുടെ ഫോട്ടോ ഡിജിറ്റല്‍ പോസ്റ്റര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നടൻ്റെ പ്രതികരണം.
‘ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികള്‍ക്കും ആശംസകളെന്നും’ ടൊവിനോ കുറിച്ചു.