Home Featured കർണാടക ആർ.ടി.സി. ടോളിനത്തിൽ നൽകുന്നത് 20 കോടി രൂപ

കർണാടക ആർ.ടി.സി. ടോളിനത്തിൽ നൽകുന്നത് 20 കോടി രൂപ

by admin

ബെംഗളൂരു: കർണാടക ആർ.ടി.സി. യുടെ നാല് കോർപ്പറേഷനുകളും ഒരു മാസം ടോളിനത്തിൽ ശരാശരി ചെലവാക്കുന്നത് 20.55 കോടി രൂപ. ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 1.3 കോടി രൂപയും കർണാടക ആർ.ടി.സി. 10.13 കോടി രൂപയും നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി. 4.54 കോടി രൂപയും കല്യാണ കർണാടക ആർ.ടി.സി. 4.58 കോടി രൂപയുമാണ് ഒരു മാസം ടോളായി നൽകുന്നത്.

തുമകൂരു റോഡിലെ ബി.ഐ.ഇ.സി. ക്ക് സമീപത്ത് നിന്ന് നൈസ് റോഡ് വഴി ഇലക്ട്രോണിക്‌സിറ്റിയിലേക്ക് സർവീസ് നടത്തുന്ന ബി.എം.ടി.സി. ബസുകളിൽ ടിക്കറ്റ് തുകയുടെ 40 ശതമാനവും ടോളിനായി പോവുകയാണ്. ടോൾ ചെലവ് നേരിട്ട് യാത്രക്കാരിൽ അടിച്ചേൽപ്പിക്കുകയാണ് . ഇവിടെ 44 കിലോമീറ്റർ യാത്രയ്ക്ക് 35 രൂപയാണ് ശരിക്കും വേണ്ടത്. എന്നാൽ, ടോൾ ഉള്ളതിനാൽ ടിക്കറ്റിൽ 25 രൂപ കൂടി ചേർക്കുകയാണ്. ടോളിൽ ഇളവ് വരുത്തണമെന്ന് ദേശീയ പാതാ അതോറിറ്റിയോട് സർക്കാർ നേരത്തേ അപേക്ഷിച്ചിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. കർണാടക ആർ.ടി.സി. നാലു കോർപ്പറേഷനുകളിലുമായി പതിനായിരത്തിനടുത്ത് ബസുകൾ സർവീസ് നടത്തുന്നുണ്ട്.

കേരള ആർ.ടി.സി. നൽകുന്നത് 30 ലക്ഷത്തിനടുത്ത്

കേരള ആർ.ടി.സി.യുടെ ബെംഗളൂരു ബസുകൾ കർണാടകത്തിലും തമിഴ്‌നാട്ടിലുമായി ഒരുമാസം ടോളിനത്തിൽ ഏകദേശം 30 ലക്ഷത്തിനടുത്ത് രൂപ നൽകുന്നുണ്ട്. കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള ബസുകൾക്ക് ബെംഗളൂരു – മൈസൂരു പാതയിലാണ് ടോൾ പിരിവുള്ളത്.

കോഴിക്കോട്ടേക്കുള്ള ബസുകൾക്ക് ബെംഗളൂരു – മൈസൂരു പാതയിലും മൈസൂരു – ബന്ദിപ്പുർ പാതയിലും ടോളുണ്ട്. ഹൊസൂർ വഴി തെക്കൻ കേരളത്തിലേക്കു പോകുന്ന ബസുകൾ ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിലെ ടോൾ കൂടാതെ തമിഴ്‌നാട്ടിൽ പല സ്ഥലങ്ങളിലും ദേശീയ പാതയിൽ ടോൾ കൊടുത്താണ് പോകുന്നത്. കേരള ആർ.ടി.സി. ബെംഗളൂരുവിലേക്ക് ദിവസേന 45 ബസുകളാണ് സർവീസ് നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group