വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ വിമാനത്തിൽ നിന്നും ഇറങ്ങിപ്പോവുകയും സുരക്ഷാ ഉദ്യോഗസ്ഥരോട് താൻ തീവ്രവാദിയാണെന്നു പറയുകയും ചെയ്ത വിദ്യാർത്ഥി ബംഗളൂരു എയർപോർട്ടിൽ പരിഭ്രാന്തി പടർത്തി. എയർഏഷ്യ വിമാനത്തിൽ ഫെബ്രുവരി 17നാണ് സംഭവം. ലക്നൗ സ്വദേശിയായ ആദർശ് കുമാർ സിംഗാണ് വിമാനത്തിൽ നിന്നും ഇറങ്ങിപ്പോവുകയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ താൻ തീവ്രവാദിയാണെന്നും പറഞ്ഞത്. എന്നാൽ പഠനത്തിൽ മികവ് പുലർത്താൻ സാധിക്കാത്തതിനാൽ മാതാപിതാക്കൾ വഴക്കു പറയുമെന്ന ഭയം കൊണ്ട് വീട്ടിൽ പോകാതിരിക്കാനായിരുന്നു ആദർശിന്റെ ഈ വാദം എന്ന് പിന്നീടുള്ള ചോദ്യം ചെയ്യലിൽ കണ്ടെത്തി.
ആദർശ് വിമാനത്തിൽ നിന്നും ഇറങ്ങിയ വിവരം വിമാനത്തിലെ ക്രൂ അംഗങ്ങളാണ് സിഐഎസ്എഫിനെ അറിയിച്ചത്. തുടർന്ന് കോറിഡോറിൽ വച്ച് ആദർശിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയും വിമാനത്തിൽ നിന്നിറങ്ങിയതിന്റെ കാരണം തിരക്കുകളും ചെയ്തു. താൻ ഒരു തീവ്രവാദിയാണെന്നും വിമാനം ഷെഡ്യൂൾ ചെയ്ത പോലെ പോകില്ലെന്നും ആദർശ് അവകാശപ്പെട്ടു. തുടർന്ന് ആദർശിനെ അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ വീട്ടിൽ പോകാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും ആദർശ് സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയാണ് ആദർശ്. പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തതിനെത്തുടർന്ന് തിരികെ ലക്നൗവിലേക്ക് വരാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടുവെന്ന് ആദർശ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ലക്നൗവിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും വിമാനത്തിൽ കയറുകയും ചെയ്തെങ്കിലും വിമാനത്തിൽ വച്ച് ആദർശ് തന്റെ തീരുമാനം മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത ആദർശിനെ ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടയച്ചു.