കർണാടക : സംസ്ഥാനത്തു ഹുക്ക വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്ബൂർണ നിരോധനം ഏർപ്പെടുത്തി കർണാടക നിയമസഭ ബില്‍ പാസാക്കി. 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണു ഇത്തരമൊരു ബില്‍ പാസാക്കിയതെന്നു കർണാടക സർക്കാർ അവകാശപ്പെട്ടു.
ഹുക്ക പാർലറുകള്‍ നടത്തുന്നവർക്കും വില്‍ക്കുന്നവർക്കും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്കൂളുകളുടെയും കോളേജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹൂക്ക സംസ്ഥാനമൊട്ടാകെ നിരോധിക്കുമെന്നു ഫെബ്രുവരി ഏഴിനു കർണാടകയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സർവേ പ്രകാരം പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാർഥികളില്‍ അഞ്ചിലൊന്നു പേരും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കർണാടകയില്‍ വർധിക്കുകയാണ്. 35-69 വയസ് പ്രായമുള്ള വ്യക്തികള്‍ക്കിടയിലെ പുകയില സംബന്ധമായ അസുഖങ്ങള്‍ കാരണം കർണാടകയ്ക്ക് 983 കോടി രൂപയാണ് ചെലവായതെന്നും മന്ത്രി പറഞ്ഞു.