ബംഗളൂരു: അപ്പാർട്മെന്റ് വാങ്ങുന്നവരുടെയും ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കർണാടകയിലുടനീളം പുതിയ ഏകീകൃത നിയമം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയില്‍ അറിയിച്ചു. പുതിയ നിയമം കർണാടക റിയല്‍ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് റൂള്‍സ്-2017ന് വിധേയമാക്കുമ്ബോള്‍ നിലവിലെ കർണാടക അപ്പാർട്മെന്റ് ഉടമസ്ഥാവകാശ നിയമം-1972 ഇല്ലാതാവും.
അപ്പാർട്മെന്റിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാവരസ്വത്ത് പ്രവർത്തനങ്ങള്‍ കൂടുതലുള്ള ബംഗളൂരുവിന് ഇത് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവില്‍ സ്വത്ത് ഉടമസ്ഥാവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച് ബസവനഗുഡി ബി.ജെ.പി എം.എല്‍.എ എല്‍.എ. രവി സുബ്രഹ്മണ്യ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.