ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കർഷകർ വീണ്ടും ഡല്‍ഹിയിലേക്ക്. 2000ത്തിലധികം ട്രാക്ടറുകളില്‍ കാല്‍ലക്ഷത്തോളം വരുന്ന കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് വരുന്നത്.
സംയുക്ത കിസാൻ മോർച്ച-നോണ്‍ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തില്‍ പ്രഖ്യാപിച്ച ‘ദില്ലി ചലോ’ മാർച്ചിനെ നേരിടാൻ ഡല്‍ഹി, ഹരിയാന പൊലീസ് ശക്തമായ നടപടികള്‍ ആരംഭിച്ചു. അതേസമയം, സമരം അവസാനിപ്പിക്കാൻ രാത്രി വൈകിയും ചർച്ച തുടർന്നു.
സമരത്തിന് മൂന്നു മാസമായി തങ്ങള്‍ തയാറെടുക്കുകയാണെന്ന് കർഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 23 മഹാപഞ്ചായത്തുകള്‍ ചേർന്നു. കാമ്ബയിനുകള്‍ സംഘടിപ്പിച്ചു. ആവശ്യങ്ങള്‍ നേടിയെടുക്കാൻ എല്ലാ തടസ്സങ്ങളും മറികടന്ന് ഡല്‍ഹിയിലെത്തുമെന്നും അവർ പറയുന്നു. സമരത്തില്‍ പങ്കെടുക്കാൻ കർണാടകയില്‍നിന്ന് ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട 100 ഓളം വരുന്ന കർഷകസംഘത്തെ ഭോപാലില്‍വെച്ച് മധ്യപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. സമരത്തിന് മുന്നോടിയായി ഫെബ്രുവരി 12 മുതല്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകള്‍, സ്ഫോടക വസ്തുക്കള്‍, ചുടുകട്ടകള്‍, കല്ലുകള്‍, പെട്രോള്‍, സോഡാ കുപ്പി എന്നിവയും കൈയില്‍ കരുതാൻ പാടില്ല. ഡല്‍ഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളില്‍ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡല്‍ഹി അതിർത്തികളില്‍ കോണ്‍ക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധന വില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020ലെ ഒരുവർഷം നീണ്ട ഡല്‍ഹി വളയല്‍ കർഷകസമരം വിജയിച്ചതിന് പിന്നാലെ 500 ഓളം വരുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് സംയുക്ത കിസൻ മോർച്ചയില്‍നിന്ന് പിരിഞ്ഞ സംഘടനകള്‍ ചേർന്നാണ് സംയുക്ത കിസാൻ മോർച്ച -നോണ്‍ പൊളിറ്റിക്കല്‍ രൂപവത്കരിച്ചത്.കർഷകരുടെ 10 ആവശ്യങ്ങള്‍
1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉല്പന്നങ്ങള്ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
3. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
4. ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.
5. സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിൻവാങ്ങുക.
6. കർഷകർക്കും കർഷകത്തൊഴിലാളികള്‍ക്കും പെൻഷൻ ഉറപ്പാക്കുക.
7. മുൻവർഷങ്ങളിലുണ്ടായ ഡല്‍ഹി കർഷക സമരത്തില്‍ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.
8. 2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക
9. തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.