ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഇ – സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ. മുഹമ്മദ് ഷുഹൈബ് എന്നയാളാണ് അറസ്റ്റിലായത്.
എസ്ജി പാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുരപ്പനപാളയയിലെ അപാർട്ട്മെന്റിൽ വെച്ചാണ് ഷുഹൈബ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് (സിസിബി) ഷുഹൈബ് താമസിച്ചിരുന്ന അപാർട്ട്മെന്റിൽ റെയ്ഡ് നടത്തിയത്.
റെയ്ഡഡിൽ വൻ തോതിൽ സൂക്ഷിച്ചിരുന്ന നിരോധിത ഇ സിഗരറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. ഷുഹൈബിന്റെ സഹായികളായ മൂന്ന് പേർ ഒളിവിലാണ്. ദുബായിൽ നിന്ന് കൊറിയർ സർവീസ് വഴി ഇ- സിഗരറ്റുകൾ ഇറക്കുമതി ചെയ്ത് നഗരത്തിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തി ലാഭം കൊയ്യുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
കോളേജ് വിദ്യാർഥികളും, പ്രൊഫഷണലുകളുമാണ് പ്രധാന ഉപഭോക്താക്കൾ. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.