ബെംഗളൂരു: പ്രസംഗത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംബോധന ചെയ്തതിൽവന്ന പിശക് വിവാദത്തിനിടയാക്കി. രാഷ്ട്രപതിയെ ‘അവളു’ (അവൾ) എന്ന വാക്കുപയോഗിച്ചാണ് സിദ്ധരാമയ്യ സംബോധനചെയ്തത്. ഇതാണ് വിവാദത്തിനിടയാക്കിയത്. കന്നഡയിൽ അവളു എന്ന് പ്രയോഗിക്കുന്നത് ബഹുമാനക്കുറവായി കണക്കാക്കുന്നതാണ്. ‘അവരു ‘(അവർ) എന്നാണ് പ്രയോഗിക്കേണ്ടത്.
ചിത്രദുർഗയിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് സിദ്ധരാമയ്യ ഇങ്ങനെ സംബോധന ചെയ്തത്. ഇതു ചൂണ്ടിക്കാട്ടി ജെ.ഡി.എസ്., ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയതോടെ സിദ്ധരാമയ്യ ഖേദം പ്രകടിപ്പിച്ചു.
പാർലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നതിന് ബി.ജെ.പി.യെ വിമർശിക്കുമ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. ഇക്കാര്യമുയർത്തി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയാണ് ആദ്യം വിമർശനമുന്നയിച്ചത്. സിദ്ധരാമയ്യ രാഷ്ട്രപതിയെ അപമാനിച്ചെന്ന് ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെയും കോൺഗ്രസിന്റെയും സംസ്കാരമാണ് പരാമർശത്തിൽ പ്രതിഫലിച്ചതെന്ന് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്നൽ പറഞ്ഞു. പരാമർശം നാക്കുപിഴയാണെന്ന് എക്സിൽ കുറിച്ച ഖേദപ്രകടനത്തിൽ സിദ്ധരാമയ്യ വിശദീകരിച്ചു.