ബംഗളൂരു: ചിക്കമംഗളൂരു താരീക്കരെയില്‍ മേല്‍ജാതിക്കാരുടെ ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍.
ശിവറാം, മഞ്ജുനാഥ്, തമ്മയ്യ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. താരീക്കരെ ഗരുമാറാടി ഗൊല്ലഹട്ടിയിലാണ് ജാതിവിവേചന സംഭവം അരങ്ങേറിയത്. എക്സ്കവേറ്റര്‍ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഗൊല്ലറഹട്ടി ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിതനായതിന്‍റെ പേരില്‍ തന്നെ മര്‍ദിച്ചെന്നായിരുന്നു പരാതി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗരുമാറാഡിയില്‍ ഒരു വീട് പൊളിക്കുന്നതിനായാണ് യുവാവ് എക്സ്കവേറ്ററുമായെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഗൊല്ലറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ മേല്‍ജാതിക്കാര്‍ അടച്ചിരുന്നു. രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവയാണ് അടച്ചത്. ദലിതൻ ഗ്രാമത്തില്‍ പ്രവേശിച്ചതിനാല്‍ ശുദ്ധികലശം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൊല്ല സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചത്. 23 കിലോമീറ്റര്‍ അകലെ കല്ലത്തഗിരിയില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി ശുദ്ധികലശം നടത്തിയ ശേഷം മാത്രമേ ക്ഷേത്രങ്ങള്‍ തുറക്കൂ എന്നാണ് ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചത്. താരീക്കരെ സബ്ഡിവിഷൻ ഡിവൈ.എസ്.പി ഹാലമൂര്‍ത്തി റാവുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.