ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപറേറ്ററെ സസ്പെൻഡ് ചെയ്യുമെന്ന് ഇലക്ട്രോണിക്സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ അറിയിച്ചു. ഓപറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുകയും ചെയ്യും.
ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ബാധ്യസ്ഥരാണെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ യു.ഐ.ഡി.എ.ഐയില്‍ ഇമെയില്‍ വഴിയോ ടോള്‍ഫ്രീ നമ്ബറായ 1947ലേക്ക് വിളിച്ചോ അറിയിക്കാം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള രജിസ്ട്രാര്‍മാരുടെയും എൻറോള്‍മെന്റ് ഏജൻസികളുടെയും ശൃംഖലയിലൂടെയാണ് ആധാര്‍ നമ്ബര്‍ എൻറോള്‍മെന്റും വിവരങ്ങളുടെ പുതുക്കലും നടക്കുന്നത്. കര്‍ക്കശമായ സെലക്ഷൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോള്‍മെന്റ് ഏജൻസികളുടെ തിരഞ്ഞെടുപ്പെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആധാര്‍ പുതുക്കല്‍ മാര്‍ച്ച് 14 വരെ സൗജന്യം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 14 വരെ നീട്ടിയതായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബര്‍ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെ, അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. എൻറോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് യു.ഐ.ഡി.എ.ഐ നിര്‍ദേശം. യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാൻ കഴിയുക. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. അക്ഷയ സെന്ററുകളിലും മറ്റും 50 രൂപ നിരക്ക് ഈടാക്കും.