ബെംഗളൂരു : ബെംഗളൂരുവിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും മോശം അനുഭവങ്ങളും കൂടിവരുന്നു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിച്ച മലയാളിയുവതിയെ കാർ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച വൈകീട്ട് 6.30-ന് കാഡുബീസനഹള്ളി അണ്ടർപ്പാസിന് സമീപത്തെ സർവീസ് റോഡിലാണ് സംഭവം.സോഫ്റ്റ്വേർ എൻജിനിയറായ കണ്ണൂർ സ്വദേശിനിയെയാണ് അജ്ഞാത യുവാവ് തടഞ്ഞുനിർത്തിയത്. യുവാവ് ഡ്രൈവർ സീറ്റിനടുത്ത ജനലിന്റെ ഭാഗത്തേക്ക് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ഗ്ലാസിൽ അടിച്ചു.ഈസമയം യുവതി വേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദയ്ക്ക് പരാതി നൽകി. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷണർ മാറത്തഹള്ളി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്: വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് കാറോടിച്ച് പോവുകയായിരുന്നു. കാഡുബീസനഹള്ളി അണ്ടർപ്പാസിന് സമീപത്തെ സർവീസ് റോഡിലെത്തിയപ്പോൾ കാറിനു മുന്നിൽ യുവാവ് പെട്ടെന്ന് വന്നുനിന്നു. ആദ്യം കാറിന്റെ ബോണറ്റിൽ ചാരിനിന്ന് എന്തൊക്കെയോ പറഞ്ഞശേഷം ഡ്രൈവർ സീറ്റിനടുത്തുള്ള ജനലിനടുത്തുവന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ഗ്ലാസിൽ കൈകൊണ്ട് അടിച്ചു.
പരിഭ്രമിച്ചുപോയ യുവതി വേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.യുവാവിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ല. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കുനേരെ ഇത്തരത്തിലുണ്ടാകുന്ന സംഭവങ്ങൾ ഗുരുതരമായ സുരക്ഷാപ്രശ്നമാണ്. കാറിൽ തനിച്ചായത് ശ്രദ്ധിച്ചിട്ടായിരിക്കാം തടഞ്ഞുനിർത്തിയതെന്നും യുവതി പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ ലഭിച്ചിട്ടുണ്ട്.
ആവർത്തിക്കുന്ന അതിക്രമങ്ങൾ:നഗരത്തിൽ സ്ത്രീകൾ പലവിധത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും പലരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല. തനിച്ച് ബൈക്ക് ടാക്സി ഉൾപ്പെടെയുള്ള യാത്രാമാർഗം തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്കാണ് പലപ്പോഴും മോശം അനുഭവങ്ങളുണ്ടാകുന്നത്. ചില സംഭവങ്ങളിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ട് പ്രതികളെ പിടികൂടാറുണ്ട്. മലയാളി കോളേജ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിലായത് മൂന്നു ദിവസംമുമ്പാണ്.
ബെംഗളൂരു സോളദേവനഹള്ളിയിലായിരുന്നു സംഭവം. ജയ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വന്ന വിമാനത്തിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ജയ്പുർ സ്വദേശി രൺധീർ സിങ്ങാണ് അറസ്റ്റിലായത്. കോളേജ് വിദ്യാർഥിനിയുടെ മോർഫ് ചെയ്ത ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായിരുന്നു.
സ്ത്രീസുരക്ഷ പ്രധാനം -സിദ്ധരാമയ്യ:രാജ്യത്ത് വളരെവേഗത്തിൽ വളരുന്ന നഗരമാണ് ബെംഗളൂരുവെന്നും ഇവിടത്തെ ജനങ്ങൾക്ക് സുരക്ഷയും ആവശ്യമായ സംരക്ഷണവും ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.വീടുകളിൽ തനിച്ചുള്ള സ്ത്രീകളുടെ സുരക്ഷയിൽ ഹോയ്സാല പട്രോളിങ് സംവിധാനം ശ്രദ്ധകേന്ദ്രീകരിക്കണം. ഇവർക്ക് ആവശ്യമായ സഹായവും സുരക്ഷയും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വത്ത് തര്‍ക്കം: പിതാവിന്റെ കണ്ണ് ചൂഴ്ന്ന് യുവ വ്യവസായി, ഒന്‍പത് വര്‍ഷം തടവ്
സ്വത്ത് തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിതാവിന്റെ കണ്ണ് ചൂഴുന്ന് എടുത്ത് യുവ വ്യവസായിക്ക് ഒന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.47കാരനായ അഭിഷേക് ചേതന്‍ എന്ന വ്യവസായിക്കാണ് ബംഗളൂരു കോടതി ബുധനാഴ്ച ഒമ്ബത് വര്‍ഷത്തെ തടവും 42,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഴയില്‍ 40,000 രൂപ പിതാവ് പരമേഷ് എസ്‌എസിന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.2018 ഓഗസ്റ്റ് 28നായിരുന്നു സംഭവം. സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് പിതാവും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനുമായ എസ് എസ് പരമേഷിനെ സമീപിച്ചത്.
എന്നാല്‍ സ്വത്ത് മുഴുവന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് പിതാവ് പറഞ്ഞതോടെ, പ്രകോപിതനായ അഭിഷേക് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നു. അഭിഷേകിനെതിരെ ജെപി നഗര്‍ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമം, സ്വത്ത് തട്ടിയെടുക്കാന്‍ അക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ചേതനെ അറസ്റ്റ് ചെയ്തത്.അക്രമത്തിന് പിന്നാലെ പരമേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അഭിഷേകിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് പരമേഷിന്. 2002ല്‍ വിവാഹിതനായ ശേഷം അഭിഷേക് വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.