ബെംഗളൂരു: ലോകകപ്പിൽ പാകിസ്താൻ – ഓസ്ട്രേലിയ മത്സരത്തിനിടെ പാക് ടീമിന് മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് പാകിസ്താൻ ആരാധകനെ പോലീസ് തടഞ്ഞതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിഭാഗം കാണികൾ മത്സരത്തിനിടെ ഓസ്ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാകിസ്താൻ ആരാധകർ തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് ഒരു പോലീസുകാരൻ പാക് ജേഴ്സി ധരിച്ചിരിക്കുന്ന ആരാധകന് സമീപമെത്തി ഇവിടെ പാകിസ്താൻ സിന്ദാബാദ് വിളിക്കരുതെന്ന് പറഞ്ഞ് അയാളെ തടഞ്ഞത്.
മത്സരം കാണാനായി പാകിസ്താനിൽ നിന്ന് വന്നതാണെന്നും തന്റെ ടീമിനെ പിന്തുണയ്ക്കുന്നതിനായി പാകിസ്താൻ സിന്ദാബാദ് എന്നല്ലാതെ പിന്നെന്താണ് വിളിക്കുകയെന്നും ആരാധകൻ ചോദിക്കുന്നുണ്ട്. ആളുകൾ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോൾ എന്തുകൊണ്ട് തനിക്ക് പാകിസ്താൻ സിന്ദാബാദ് വിളിച്ചുകൂടാ എന്നും ആരാധകൻ ചോദിക്കുന്നു. ഇത് താൻ ഫോണിൽ റെക്കോഡ് ചെയ്യാൻ പോകുകയാണെന്ന് യുവാവ് പറഞ്ഞതിനു പിന്നാലെ പോലീസുകാരൻ അവിടെ നിന്ന് പോകുന്നതും വീഡിയോയിലുണ്ട്.