Home Featured സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് കരസേന

സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് കരസേന

സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ടീസ്ത നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനികരടക്കം 29 പേരെ കാണാതായി.സൈനിക ക്യാമ്ബും വാഹനങ്ങളും പ്രളയത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സര്‍ക്കാരും അറിയിച്ചു.കുതിച്ചെത്തിയ പ്രളയജലത്തില്‍ വിറങ്ങലിച്ച്‌ സിക്കിം. രണ്ട് ദിവസമായി പെയ്തെ മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമില്‍ ലാചെൻ താഴ്വരയില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു.

അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയര്‍ന്നു. നദി തീരത്തുള്ള സൈനിക ക്യാമ്ബുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായും കരസേന അറിയിച്ചു.താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നിരവധി പാലങ്ങളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.

മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നദി തീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലും നദി തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group