ബെംഗളൂരു: ഒരേസ്ഥലത്തേക്ക് പോകേണ്ടവർ കാറിൽ നിരക്ക് പങ്കിട്ട് യാത്ര ചെയ്യുന്ന കാർപൂളിങ്ങിന് ബെംഗളൂരുവിൽ വിലക്കേർപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യം ശക്തം. ഐ.ടി. മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒട്ടേറെ ആളുകൾ ഉപയോഗിച്ചിരുന്ന കാർപൂളിങ് സംവിധാനം കഴിഞ്ഞ ദിവസമാണ് ഗതാഗതവകുപ്പ് വിലക്കിയത്. വിലക്കിനെ അനൂകൂലിച്ച് ഒരുവിഭാഗം ആളുകൾ രംഗത്തുണ്ടെങ്കിലും വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.കാർപൂളിങ്ങിന് വിലക്കേർപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ എം.പി. ഗതാഗതവകുപ്പിന് കത്തെഴുതി.
കാർപൂളിങ് വഴി സ്വകാര്യ വാഹനങ്ങളെ റോഡിൽനിന്ന് അകറ്റി നിർത്താനാകുമെന്നും ഇതുവഴി തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നും തേജസ്വി സൂര്യ പറഞ്ഞു.കാർപൂളിങ് നിരോധിച്ചത് ഗതാഗതക്കുരുക്ക് കൂട്ടാനേ ഇടയാക്കൂ. യാത്രപങ്കിടുന്ന ആപ്പുകളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. നഗരത്തിൽ നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാർപൂളിങ് അനുയോജ്യമാണെന്നും കത്തിൽ പറയുന്നു. ഇതുവരെ കാർപൂളിങ് നടത്തിക്കൊണ്ടിരുന്നവർ സ്വന്തം വാഹനം നിരത്തിലിറക്കുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ ഇടയാക്കും.
സ്വകാര്യവാഹനങ്ങൾ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് നിയമം ഭേദഗതിചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.കാർപൂളിങ് നിരോധനം ലംഘിച്ചാൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കാർപൂളിങ് നടത്തുന്നവരുടെ വാഹനങ്ങളുടെ ആർ.സി. ബുക്ക് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും വ്യക്തമാക്കി. ടാക്സി സംഘടനകളുടെ പരാതിയെത്തുടർന്നാണ് കാർപൂളിങ് നിരോധിച്ചതെന്നാണ് വിവരം
ഡോക്ടര്‍മാരുടെ സമയോചിത ഇടപെടല്‍; വിമാനത്തില്‍ കുഞ്ഞിന് പുതുജീവൻ
വിമാനയാത്രക്കിടെ ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി.റാഞ്ചി-ഡല്‍ഹി വിമാനത്തിലെ രണ്ട് ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലാണ് ശ്വാസതടസ്സം അനുഭവപ്പെട്ട ജന്മനാ ഹൃദ്രോഗബാധിതനായ കുഞ്ഞിനെ രക്ഷിച്ചത്.ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയ്ക്കായി കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ പറന്നുയര്‍ന്ന ഉടനെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടു.
ആശങ്കാകുലരായ മാതാപിതാക്കള്‍ സ്ഥിതിഗതികള്‍ ക്രൂവിനെ അറിയിക്കുകയും വിമാനത്തില്‍ ഏതെങ്കിലും ഡോക്ടര്‍മാരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് റാഞ്ചി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍ മൊസമ്മില്‍ ഫിറോസും ഡോക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. നിതിൻ കുല്‍ക്കര്‍ണിയും കുട്ടിയുടെ രക്ഷക്കായി എത്തുകയായിരുന്നു.ബേബി മാസ്ക്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാല്‍ മുതിര്‍ന്നവര്‍ക്കുള്ള മാസ്ക് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ കുട്ടിക്ക് ഓക്സിജൻ നല്‍കിയത്. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷം തിയോഫിലിൻ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള മറ്റ് അടിയന്തര മരുന്നുകളും നല്കി.
മാതാപിതാക്കള്‍ ഡെക്സോണ ഇൻജെക്ഷൻ കൈയ്യില്‍ കരുതിയിരുന്നു. ഇതിനാലാണ് സാഹചര്യം നിയന്ത്രിക്കാൻ പറ്റിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.എമര്‍ജൻസി മരുന്നുകളും ഓക്സിജനും മറ്റും നല്കിയതിനാല് കുഞ്ഞിന്റെ നില മെച്ചപ്പെട്ട് തുടങ്ങിയിരുന്നു. എന്നാലും ആദ്യ 15-20 മിനിറ്റുകള്‍ വളരെ നിര്‍ണായകവും സമ്മര്‍ദം നിറഞ്ഞതുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു.
എന്നിരുന്നാലും കുറച്ച് സമയത്തിനുള്ളില്‍ കുഞ്ഞ് ശബ്ദമുണ്ടാക്കുകയും കണ്ണുകള്‍ തുറക്കുകയും ചെയ്തു.ഒരു മണിക്കൂറിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയും കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിന് കൈമാറുകയും ചെയ്തു. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങളുടെ ഫലത്തില്‍ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ സംഘം അറിയിച്ചു.