തെന്നിന്ത്യൻ സിനിമയെ ലോകമെമ്ബാടുമുള്ള സിനിമാസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തിച്ച സിനിമകളില്‍ ഒന്നാണ് ‘ബാഹുബലി’. പ്രഭാസ് എന്ന നടനെ മലയാളികള്‍ അടക്കം ഉള്ളവര്‍ ഏറ്റെടുത്ത സിനിമ. രണ്ട് റോളുകളില്‍ പ്രഭാസിനെ ബിഗ് സ്ക്രീനില്‍ കൊണ്ടുവന്ന് അത്ഭുതം സൃഷ്ടിച്ചത് രാജമൗലി ആണ്. ആദ്യഭാഗം ബ്ലോക് ബസ്റ്റര്‍ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗവും രാജമൗലി പുറത്തിറക്കി. ഇതും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ ബഹുബലി ആണെന്ന് പറഞ്ഞ് മെഴുക് പ്രതിമ സ്ഥാപിച്ച് പൊല്ലാപ്പില്‍ ആയിരിക്കുകയാണ് ഒരു മ്യൂസിയം.
മൈസൂരിലെ ഒരു മ്യൂസിയത്തിലാണ് ‘ബഹുബലി മെഴുക് പ്രതിമ’ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രഭാസുമായോ ബഹുബലിയുമായോ യാതൊരു തരത്തിലുള്ള ബന്ധവും പ്രതിമയ്ക്ക് ഇല്ലതാനും. ആകെ ഒരു സാമ്യം ഉള്ളത് പടച്ചട്ടയ്ക്ക് മാത്രമാണ്. ഇതിന്റെ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രഭാസ് ആരാധകര്‍ തന്നെ രംഗത്തെത്തി. ഇത് ഞങ്ങളുടെ ബഹുബലി അല്ല എന്നാണ് ഇവര്‍ പറയുന്നത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നതോടെ ബാഹുബലി സിനിമയുടെ നിര്‍മാതാണ് ശോബു യര്‍ലഗഡ്ഡ പ്രതികരണവുമായി രംഗത്തെത്തി.
തങ്ങളുടെ അനുവാദമോ അറിവോ കൂടാതെയാണ് ഇങ്ങനെ ഒന്ന് നിര്‍മിച്ചതെന്നും പകര്‍പ്പവകാശ ലംഘനം ആയതിനാല്‍ പ്രതിമ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മാതാവ് ട്വിറ്ററിലൂടെ അറിയിച്ചു. സംഗതി പൊല്ലാപ്പായതോടെ എത്രയും വേഗം മെഴുക് പ്രതിമ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മ്യൂസികം അധികൃതര്‍ എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.