ബംഗളൂരു: കിലോക്ക് 150 രൂപക്ക് മുകളിലേക്ക് കുതിച്ച തക്കാളി വില ദക്ഷിണേന്ത്യന്‍ വിപണികളില്‍ കുത്തനെ താഴേക്ക് വരുന്നു. പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കര്‍ഷകര്‍ നല്‍കുന്നത്. വാര്‍ത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാര വിപണിയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോ എട്ടു രൂപ മുതല്‍ 14 രൂപ വരെയാണ് തക്കാളി വില. ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയായ കോലാര്‍ എ.പി.എം.സിയിലെ വ്യാപാരികളും മൊത്തവില കുറഞ്ഞതായി വിവരം നല്‍കി.
നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്. രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും തക്കാളി വ്യാപാരിയായ ശ്രീനാഥ് പറഞ്ഞു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്.
മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ ദീപാവലിയോടനുബന്ധിച്ച് വില ഉയരുമെന്ന് പ്രത്യാശിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.
വിമാനയാത്രയ്ക്കിടെ പുതുജന്മം നേടിയ കുട്ടി മരണത്തിന് കീഴടങ്ങി
ന്യൂഡല്‍ഹി: വിമാനയാത്രയ്‌ക്കിടെ ശ്വാസം നിലച്ച് അത്യാസന്ന നിലയിലായ ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന രണ്ടുവയസുകാരി മരണത്തിന് കീഴടങ്ങി.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയെ സഹയാത്രികരായ ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാര്‍ രക്ഷിച്ചത് വാര്‍ത്തയായിരുന്നു. നാഗ്പൂരില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടപ്പോള്‍
വിമാനജീവനക്കാര്‍ യാത്രക്കാര്‍ക്കിടയില്‍ ഡോക്‌ടര്‍മാരുണ്ടോ എന്നറിയാൻ അനൗണ്‍സ്മെന്റ് നടത്തി. തുടര്‍ന്ന് ബംഗളൂരുവില്‍ മെഡിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡല്‍ഹി എയിംസിലെ സീനിയര്‍ ഡോക്‌ടര്‍മാരായ നവദീപ് കൗര്‍, ദമൻദീപ് സിംഗ്, ഋഷഭ് ജെയിൻ, ഒയിഷിക, അവിചല തക്‌ഷക് എന്നിവര്‍ ഉടൻ കുട്ടിയുടെ അടുത്തെത്തി. കുട്ടിയുടെ നാഡിമിടിപ്പ് നിലച്ചിരുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായിരുന്നു. ഡോക്ടര്‍മാര്‍ ഉടൻ കൃത്രിമ ശ്വാസം നല്‍കി. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതോടെ കുട്ടിക്ക് ബോധം തിരിച്ചു കിട്ടി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിമാനം നാഗ്‌പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.