Home Featured വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബംഗളൂരുവില്‍ യുവതികള്‍ക്ക് നഷ്ടമായത് 6.6 ലക്ഷം രൂപ

വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബംഗളൂരുവില്‍ യുവതികള്‍ക്ക് നഷ്ടമായത് 6.6 ലക്ഷം രൂപ

by admin

ബംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവതികളുടെ പക്കല്‍ നിന്ന് 6.6 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ആഗസ്റ്റ് 15 നാണ് ഇരുവരും തട്ടിപ്പിന് ഇരയായത്. അതേസമയം, ഇത് ആദ്യത്തെ സംഭവമല്ല, സമാനമായ നിരവധി സംഭവങ്ങള്‍ അടുത്തിടെ ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ സംഭവത്തില്‍, ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 32 കാരിയായ എച്ച്‌ആര്‍ മാനേജരാണ് തട്ടിപ്പിന് ഇരയായത്. ബംഗളൂരു നന്ദിനി ലേഔട്ട് ഏരിയ നിവാസിയാണ് യുവതി. ഫോണില്‍ വന്ന ഒരു സന്ദേശത്തിന് മറുപടി നല്‍കുകയാണ് യുവതി ആദ്യം ചെയ്തത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ യുവതിയോട് ചില ഡോക്യൂമെന്റുകള്‍ ഓണ്‍ലൈനായി അയയ്ക്കാൻ ആവശ്യപ്പെട്ടു. യുവതിയെ വിശ്വാസത്തിലെടുക്കുന്നതിനായി ഇവര്‍ ചില ടാസ്കുകള്‍ നല്‍കുകയും ചെയ്തു. ഓരോ തവണ 5000 രൂപ നിക്ഷേപിക്കുമ്ബോഴും 7000 രൂപ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാദം. വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി 6 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.

രണ്ടാമത്തെ കേസില്‍, 29 കാരിയായ വീട്ടമ്മയാണ് വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിന് ഇരയായത്. 67,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഈ വീട്ടമ്മ പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീ അവരെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.

‘ഐ ആം ലണ്ടന്‍ എയര്‍ലൈന്‍സ്’ എന്നതിന് 30 റിവ്യൂ എഴുതി നല്‍കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അത് ചെയ്തു. അവര്‍ എനിക്ക് അപ്പോള്‍ തന്നെ 1,000 രൂപ നല്‍കി. പിന്നീട് അവര്‍ എന്നോട് കൂടുതല്‍ റിവ്യൂ എഴുതി നല്‍കാന്‍ പറഞ്ഞു, മാത്രമല്ല 67,000 രൂപ നിക്ഷേപിക്കാനും എന്നോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച്‌ ഞാന്‍ അവര്‍ക്ക് 67,000 രൂപ നല്‍കി. എന്നാല്‍ പിന്നീട് എനിക്ക് അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല’ വീട്ടമ്മ പറഞ്ഞു.

നേരത്തെ, ബംഗളൂരുവില്‍ ഹണി ട്രാപ്പില്‍ അകപ്പെട്ട 60-കാരന് 82 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. വിരമിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണ് ഇയാള്‍. റീന അന്നമ്മ (40), സ്‌നേഹ (30) എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു സുഹൃത്താണ് അന്നമ്മയെ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു. രണ്ട് സ്ത്രീകളും ചേര്‍ന്നാണ് ഇയാളെ തട്ടിപ്പിനിരയാക്കിയത്.

വാട്‌സ്‌ആപ്പ് വഴിയുള്ള ജോലിതട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. തട്ടിപ്പുകാര്‍ വാട്ട്സ്‌ആപ്പ് ലിങ്ക് വഴിയാകും ജോലി വാഗ്ദാനം ചെയ്യുക. അത് ക്ലിക്ക് ചെയ്യാനും നിങ്ങളെ നിര്‍ബന്ധിക്കും. തുടക്കത്തില്‍, ഉപയോക്താക്കള്‍ക്ക് ഒരു ചെറിയ തുക നല്‍കും. അതുവഴി ഉപയോക്താക്കളുടെ വിശ്വാസം നേടാൻ കഴിയും. എന്നാല്‍ ഒടുവില്‍ ഉപയോക്താക്കള്‍ക്ക് പണവും വ്യക്തി വിവരങ്ങളും നഷ്ടപ്പെടുകയാണ് പതിവ്.

You may also like

error: Content is protected !!
Join Our WhatsApp Group