Home Featured സീലിങ് ഫാനുകള്‍ക്ക് കര്‍ശന ഗുണനിലവാര മാനദണ്ഡം; ബിഐഎസ് മുദ്ര നിര്‍ബന്ധം, നിയമലംഘനത്തിന് കനത്ത പിഴ

സീലിങ് ഫാനുകള്‍ക്ക് കര്‍ശന ഗുണനിലവാര മാനദണ്ഡം; ബിഐഎസ് മുദ്ര നിര്‍ബന്ധം, നിയമലംഘനത്തിന് കനത്ത പിഴ

by admin

സീലിങ് ഫാനുകളുടെ ഗുണനിലവാരം സംബന്ധിച്ച്‌ കര്‍ശനമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുക, ഇലക്‌ട്രിക് ഫാനുകളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിട്ടാണ് പുതിയ നീക്കം.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ബിഐഎസ്) മുദ്രയില്ലാത്ത സീലിങ് ഫാനുകള്‍ ഉത്പാദിപ്പിക്കാനോ, വില്‍ക്കാനോ, വ്യാപാരം ചെയ്യാനോ, ഇറക്കുമതി ചെയ്യാനോ സ്‌റ്റോക്ക് ചെയ്യാനോ പാടില്ലെന്ന് 2023-ലെ ഇലക്‌ട്രിക് ഫാനുകളുടെ ഗുണനിലവാര നിയന്ത്രണം സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ ആറാം മാസത്തിന് ശേഷം പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഓഗസ്റ്റ് ഒന്‍പതിന് പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കി. ഇതുവരെ ഇലക്‌ട്രിക് സീലിംഗ് ഫാനുകള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങള്‍ ബാധകമായിരുന്നില്ല.

ബിഐഎസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യ തവണ രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ട് ലക്ഷം രൂപ പിഴയോ നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. ഇതിന് പുറമെ സാധനങ്ങളുടെ മൂല്യത്തിന്റെ പത്ത് മടങ്ങ് വരെയും നല്‍കേണ്ടി വരും. വിജ്ഞാപനമനുസരിച്ച്‌, ആഭ്യന്തര സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി (എംഎസ്‌എംഇ), ക്വാളിറ്റി കണ്‍ട്രോണ്‍ ഓഡര്‍ (ക്യുസിഒ) നടപ്പിലാക്കുന്നതിനുള്ള സമയക്രമത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എംഎസ്‌എംഇ മേഖലയ്ക്ക് 12 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്.

ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ക്യുസിഒ ഉള്‍പ്പടെയുള്ള വിവിധ നടപടികള്‍ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്.

ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലാബുകള്‍, പ്രോഡക്‌ട് മാന്വല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത് രാജ്യത്ത് ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. ക്യുസിഒ നടപ്പാക്കുന്നതോടെ നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്കും പ്രകൃതിക്കും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും സാധിക്കുമെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group