മംഗളൂരു: റൈബാഗ് താലൂക്കില്‍ ബെസ്റ്റവാഡ ഗ്രാമത്തില്‍ തല ഉടലില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഹറുഗേരിയിലെ അക്ബര്‍ ശബ്ബിറ ജമദര്‍(21) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റ വെട്ടില്‍ തല ഛേദിക്കാൻ കഴിഞ്ഞ മൂര്‍ച്ചയേറിയ ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വനമേഖലയില്‍ പോയ നാട്ടുകാര്‍ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഹന്തേഷ് സോമലിംഗയെ(24) പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യുന്നു.
സംഭാവനകൾ ഓൺലൈനായി നൽകാം; ആപ്പുമായി ബംഗളുരു വഖഫ് ബോർഡ്
ബെംഗളൂരു: പള്ളികൾക്കും ദർഗകൾക്കും സംഭാവനചെയ്യാൻ പ്രത്യേക ആപ്പ് അവതരിപ്പിച്ച് വഖഫ് ബോർഡ്. യു.പി.ഐ. സംവിധാനമുപയോഗിച്ച് സംഭാവനകളും നേർച്ചകളും നൽകാൻ കഴിയുന്ന ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലെ ഹസ്രത് തവക്കൽ മസ്താൻ ഷാ ദർഗയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ വഖഫ് ബോർഡിന് കീഴിലുള്ള 10,398 പള്ളികളും 3,131 ദർഗകളും ഉൾപ്പെടുത്തും. മന്ത്രി സമീർ അഹമ്മദ് ഖാൻ കഴിഞ്ഞദിവസം ഇ- ഹുണ്ടി എന്നുപേരിട്ട ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി.
ലോകത്തെവിടെനിന്നും വിശ്വാസികൾക്ക് സംഭാവനകളും നേർച്ചകളും നൽകാൻ കഴിയുമെന്നതാണ് ആപ്പിന്റെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. സംഭാവനയായും നേർച്ചയ്ക്കായും ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാകുമെന്നതും ആപ്പിന്റെ നേട്ടമാണ്. ഘട്ടംഘട്ടമായി ദർഗയിലേയും പള്ളികളിലേയും സൗകര്യങ്ങളെക്കുറിച്ചും ഇവയുടെ ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് വഖഫ് ബോർഡ്.
നേരത്തേ മുസ്റായ് (ദേവസ്വം) വകുപ്പിനുകീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകളും പൂജകളും നടത്താൻ പണമടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു.ഇതേ മാതൃകയിലാണ് വഖഫ് ബോർഡ് പുറത്തിറക്കിയ ആപ്പും പ്രവർത്തിക്കുന്നത്. വഖഫ് ബോർഡിന്റെ പ്രവർത്തനം ആധുനികവത്കരിക്കുന്ന നടപടിയുടെ ആദ്യപടിയായാണ് ആപ്പ് പുറത്തിറക്കിയതെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു.