മലയാള സിനിമയില്‍ ഉര്‍വശി ലഭിച്ച അത്രയും ശ്രദ്ധേയ വേഷങ്ങള്‍ മറ്റൊരു നായിക നടിക്കും ലഭിച്ചിട്ടില്ല. അഭിനയ മികവ് കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ ഉര്‍വശി മലയാളത്തിലെ പ്രഗല്‍ഭ സംവിധായകരുടെ പ്രിയപ്പെട്ട നടിയാണ്.
സത്യൻ അന്തിക്കാട്, പ്രിയദര്‍ശൻ തുടങ്ങിയ സംവിധായകര്‍ ഉര്‍വശിയുടെ അഭിനയമികവിനെ പ്രശംസിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ നിഴലില്‍ നില്‍ക്കുന്ന നായികയല്ല താനെന്ന് മുമ്ബൊരിക്കല്‍ ഉര്‍വശി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മിക്ക നായികമാരും പിന്നീട് പ്രധാന്യം കുറഞ്ഞ വേഷങ്ങളിലേക്ക് മാറിയെങ്കിലും ഉര്‍വശി അതിന് തയ്യാറായില്ല. അഭിനയപ്രാധാന്യമുള്ള വേഷങ്ങളില്‍ മാത്രമാണ് ഉര്‍വശി അഭിനയിച്ചത്. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി എന്നീ സിനിമകളില്‍ അമ്മ വേഷങ്ങളിലാണ് നടി അഭിനയിച്ചത്. എന്നാല്‍ ഈ സിനിമകളിലെ കേന്ദ്ര കഥാപാത്രം ഉര്‍വശിയായിരുന്നു.
അമ്മ വേഷങ്ങളിലും താരമൂല്യം ലഭിക്കുന്ന നടി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ അപൂര്‍വകാഴ്ചയാണ്. ജലധാര പമ്ബ് സെറ്റ് ആണ് ഉര്‍വശിയുടെ പുതിയ സിനിമ. ഇന്ദ്രൻസിനൊപ്പമാണ് ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ഇന്ദ്രൻസിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഉര്‍വശിയിപ്പോള്‍. ഒപ്പം നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ചും നടി സംസാരിച്ചു.
ഇന്ദ്രൻ ചേട്ടൻ എന്റെ പേഴ്സണല്‍ കോസ്റ്റ്യൂമറെ പോലെ കുറേ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഭരതേട്ടന്റെ സിനിമയിലൂടെയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടതെന്നാണ് എന്റെ ഓര്‍മ്മ. കുറേ സിനിമകളില്‍ അങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നും ഇന്നും സ്വഭാവത്തിലൊന്നും ഇന്ദ്രൻ ചേട്ടന് ഒരു മാറ്റവും ഇല്ല. കുറേക്കാലത്തിന് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലാണ് ഞാൻ കമ്മിറ്റ് ചെയ്തത്. അന്ന് അതിന്റെ കഥയ്ക്ക് കുറേ മാറ്റം ഉണ്ടായിരുന്നു.
സെക്കന്റ് ഹാഫൊക്കെ തൊണ്ടിമുതല്‍ പോലെ തന്നെയായിരുന്നു. ഇന്ദ്രൻ ചേട്ടനും ഞാനുമാണ് ആ സിനിമ ചെയ്യാനിരുന്നത്. അന്ന് അത് കേട്ട എല്ലാവരും അയ്യോ, ഇന്ദ്രൻസ് ജോഡിയായി ശരിയാകുമോ എന്ന് ചോദിച്ചു.
ആ കഥാപാത്രത്തിന് അനുയോജ്യൻ ഇന്ദ്രൻ ചേട്ടനാണ്, അല്ലാതെ സിനിമയില്‍ ഇന്ന ആളുടെ കൂടെ ഈ ആളുകളേ അഭിനയിക്കാവൂ എന്ന് ആരും എഴുതി വെച്ചിട്ടില്ലല്ലോ എന്നാണ് ഞാൻ ചോദിച്ചത്.
പക്ഷെ ഞാൻ അപ്പോള്‍ ഗര്‍ഭിണിയായി. നാല് വര്‍ഷം കാത്ത് നിന്നു. പിന്നെ എനിക്ക് വരാൻ താല്‍പര്യം ഉണ്ടായിരുന്നില്ല. മോൻ തീരെ ചെറുതാണ്. അങ്ങനെ അത് മറ്റൊരു പ്രൊജക്ടായി. പിന്നീട് ഇന്ദ്രൻ ചേട്ടന്റെ കരിയര്‍ വളര്‍ച്ച ഞാൻ കണ്ടു. നാട്ടിൻ പുറത്തെ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അനുഭവം അദ്ദേഹത്തിനുണ്ടെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.
2017 ലാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. 2021 ല്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലും ഇന്ദ്രൻസിന്റെ ജോഡിയായി ഉര്‍വശിയെയാണ് ആദ്യം പരിഗണിച്ചത്.
എന്നാല്‍ ചില കാരണങ്ങളാല്‍ നടിക്ക് ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. ഒടുവില്‍ നടി മഞ്ജു പിള്ളയാണ് ഈ വേഷം ചെയ്തത്. കാത്തിരുന്ന കൂട്ടുകെട്ട് ജലധാര പമ്ബ്സെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര്‍ പുറത്ത് വന്നത്.