ബെംഗളൂരു∙ പത്ത് ബസ് ടെർമിനലിൽ കൂടി ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചതോടെ നഗരത്തിന്റെ കൂടുതൽ മേഖലകളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് തുടങ്ങാൻ ബിഎംടിസി. ശാന്തിനഗർ, ജയനഗർ, ഹെന്നൂർ, ദീപാഞ്ജലി നഗർ, രാജരാജേശ്വരി നഗർ, പീനിയ സെക്കൻഡ് സ്റ്റേജ്, ജിഗനി, കെആർ പുരം, സീഗേഹള്ളി, ഹൊസ്കോട്ടെ ബസ് ടെർമിനലുകളിൽ നിന്നാണ് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നത്.
നിലവിൽ കെങ്കേരി, യെലഹങ്ക, മജസ്റ്റിക്, യശ്വന്ത്പുര, സിൽക്ക് ബോർഡ്, ബിഡദി ബസ് ടെർമിനലുകളിൽ നിന്നു മാത്രമാണ് ഇലക്ട്രിക് ബസ് സർവീസുള്ളത്. ഇതോടെ പരിസ്ഥിതി സൗഹൃദ, ശബ്ദരഹിത യാത്ര ഉറപ്പാക്കുന്ന ഇലക്ട്രിക് ബസുകൾ നഗരത്തിലെ എല്ലാ റൂട്ടുകളിലേക്കും എത്തും. നഗരത്തിലെ വായുമലിനീകരണം വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബിഎംടിസി ഡീസൽ ബസുകളാണെന്ന പഠനങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഇലക്ട്രിക് ബസുകളുടെ ഉപയോഗം വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഈ വർഷം 921 ഇലക്ട്രിക് ബസുകൾ ബിഎംടിസിയുടെ ഭാഗമാകും. നഗരത്തെ മലിനീകരണ മുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു നടപടിയെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിലവിൽ 300 ബിഎംടിസി ബസുകളാണു നഗരത്തിൽ സർവീസ് നടത്തുന്നത്. ഘട്ടം ഘട്ടമായി ഇവയുടെ എണ്ണം വർധിപ്പിച്ച് പൂർണമായും ഇലക്ട്രിക് ബസുകളിലേക്കു മാറാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. പ്രവർത്തന ചെലവ് കുറയ്ക്കാൻ വാടക കരാർ വ്യവസ്ഥയിൽ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ബിഎംടിസി ബസുകൾ പുറത്തിറക്കുന്നത്. കിലോമീറ്ററിനു 41 രൂപയാണ് ടാറ്റയ്ക്ക് ബിഎംടിസി നൽകുക.
ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർ ബിഎംടിസി ജീവനക്കാരനായിരിക്കും. ബസ് ചാർജിങ് സംവിധാനവും അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനി വഹിക്കും. ഇതേ മാതൃകയിൽ കർണാടക ആർടിസി ബെംഗളൂരുവിൽ നിന്നു ആരംഭിച്ച അന്തർ ജില്ലാ ഇലക്ട്രിക് ബസ് സർവീസിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൈസൂരു, മടിക്കേരി, ദാവനഗരെ, ചിക്കമംഗളൂരു ജില്ലകളിലേക്കാണ് സർവീസുള്ളത്.
കോളേജിലെ ശുചിമുറിയിൽ ക്യാമറ വച്ച കേസ്: 3 വിദ്യാർഥിനികൾക്ക് ജാമ്യം
ബെംഗളൂരു∙ ഉഡുപ്പി മാൽപ്പെയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജിലെ ശുചിമുറിയിൽ ക്യാമറ വച്ച സംഭവത്തിൽ പ്രതികളായ 3 വിദ്യാർഥിനികൾക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി ശ്യാം പ്രകാശാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു മാൽപ്പെ പൊലീസ് വിദ്യാർഥിനികൾക്കും കോളജ് മാനേജ്മെന്റിനുമെതിരെ സ്വമേധയാ കേസെടുത്തത്.
സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി നേതാവുമായ നടി ഖുശ്ബു കോളജിൽ പരിശോധന നടത്തിയിരുന്നു. ഇരുസമുദായങ്ങൾ തമ്മിലുള്ള വൈരമാണ് ക്യാമറ വയ്ക്കുന്നതിലേക്കു നയിച്ചതെന്ന ആരോപണം ഖുശ്ബു തള്ളിയിരുന്നു. മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവരാനുണ്ട്.
അടിസ്ഥാനരഹിതമായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉഡുപ്പി എസ്പി അക്ഷയയോട് നിർദേശിച്ചു. കേസ് കേന്ദ്ര ഏജൻസികൾക്കു കൈമാറണമെന്ന ആവശ്യവുമായി ബിജെപി കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.