മംഗളൂരു: കന്നി പ്രസവത്തില്‍ ഇരട്ടകള്‍ പിറന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും വീട്ടില്‍ നിന്ന് തീണ്ടാപ്പാടകലെ ജീര്‍ണിച്ച കുടിലില്‍ കിടത്തി. ചോരുന്ന മേല്‍ക്കൂരയിലൂടെ ഇറങ്ങിയ മഴവെള്ളം നനഞ്ഞ് രണ്ട് ചോരപ്പൈതലുകളും മരിച്ചു. കഡുഗൊള്ള സമുദായത്തിന്റെ അന്ധവിശ്വാസ ഇരയാണ് യുവതി എന്നാണ് പ്രാഥമിക വിവരം.
ഒരാഴ്ച മുമ്ബ് കൊറ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മല്ലെനഹള്ളി ഗ്രാമത്തില്‍ നടന്ന ഈ സംഭവം തുമകുറു ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്ബര്‍ സെക്രട്ടറിയും ജഡ്ജിയുമായ നൂറുന്നിസ പരിശോധനക്ക് എത്തിയപ്പോഴാണ് പുറം ലോകം അറിയുന്നത്. ഇടിഞ്ഞു വീഴാറായ കുടിലില്‍ തന്റെ അരുമകളെ നഷ്ടമായതിന്റെ ദുഃഖം താങ്ങാനാവാതെ അവശനിലയില്‍ കിടക്കുന്ന യുവതിയെ നൂറുന്നിസ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ വീട്ടിലെ അംഗങ്ങളില്‍ നിന്ന് ജഡ്ജി മൊഴിയെടുത്തു. പരിസരവാസികള്‍, ഗ്രാമപ്രമുഖര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്ത് യുവതിക്ക് മതിയായ സംരക്ഷണം നല്‍കേണ്ടതിന്റെ അനിവര്യത ഉണര്‍ത്തി. കര്‍ണാടക ഹൈകോടതിയുടെ കീഴിലുള്ള കര്‍ണാടക ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തിന്റെ തുടരന്വേഷണം നടക്കും.
നൂറുന്നിസയുടെ നിര്‍ദേശത്തിന്റേയും തുമകൂറു താലൂക്ക് വനിത-ശിശു വികസന അധികൃതരുടെ പരാതിയുടേയും അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും കുടുബത്തിലെ മറ്റു അംഗങ്ങള്‍ക്കും എതിരെ കൊറ പൊലീസ് കേസെടുത്തു.