ബെംഗളൂരു: പറന്നുകൊണ്ടിരിക്കേ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന്റെ പേരിൽ കേസെടുത്തു. ആന്ധ്രാസ്വദേശിയായ വെങ്കിട് മോഹിത് ആചാരി (29) ക്കെതിരേയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് കേസെടുത്തത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. പാരീസിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന എയർഫ്രാൻസ് വിമാനത്തിന്റെ വാതിലാണ് ഇയാൾ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ ഇയാളെ പിന്തിരിപ്പിക്കുകയും പിന്നീട് പരാതിനൽകുകയുമായിരുന്നു.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് വെങ്കിട് മോഹിത് ആചാരിയെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ നിംഹാൻസിൽ ചികിത്സയ്ക്കുവേണ്ടിയാണ് ഇയാളെത്തിയത്. ഫ്രാൻസിൽ താമസക്കാരനായ ഇയാൾ തനിച്ചാണ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. നിലവിൽ ഇയാൾ നിംഹാൻസിൽ ചികിത്സയിലാണ്.
എമർജൻസിവാതിൽ തുറന്നിരുന്നെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമായിരുന്നെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിമാനജീവനക്കാരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ് വലിയ അപകടം ഒഴിവായത്.
സ്വിഫ്റ്റ് ബസിനുനേരെ യുവാവിന്റെ ആക്രമണം
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന്റെ ചില്ലും ലൈറ്റുകളും യുവാവ് അടിച്ചുതകർത്തു. സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിൽ വെള്ളിയാഴ്ച രാത്രി 8.45-നാണ് സംഭവം. ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലം പിന്നിട്ട് തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
സ്കൂട്ടറിന് സൈഡുകൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവറോട് കയർത്ത യുവാവ്, ബസിന്റെ വൈപ്പർ പൊട്ടിച്ചെടുത്ത് മുൻവശത്തെ ചില്ലും ലൈറ്റുകളും അടിച്ചുതകർക്കുകയായിരുന്നു. പിന്നീട് സ്കൂട്ടറുമായി പോകുകയും ചെയ്തു.
ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.സ്ത്രീകൾ ഉൾപ്പെടെ 40 യാത്രക്കാർ സംഭവസമയത്ത് ബസിലുണ്ടായിരുന്നു.