പ്രതിഫലത്തിന്റെ കാര്യത്തില്‍ എആര്‍ റഹ്‌മാനെയും പിന്നിലാക്കി അനിരുദ്ധ് രവിചന്ദര്‍. എട്ട് കോടിയാണ് ഒരു ചിത്രത്തിന് വേണ്ടി റഹ്മാൻ പ്രതിഫലം വാങ്ങുന്നതെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മൂന്ന് കോടി രൂപയാണ് അദ്ദേഹം ഒരു പാട്ട് പാടാൻ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ റഹ്മാൻ എന്നായിരുന്നു പ്രചരിച്ചത്.
എന്നാല്‍ അനിരുദ്ധ് ഒരു സിനിമയ്‌ക്ക് 10 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ജവാന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് അനിരുദ്ധിന്റെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകളും സജീവമായത്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് 10 കോടി രൂപ വാങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ജവാന്റെ ടീസര്‍ ഹിറ്റായതോടെ അനുരുദ്ധിന്റെ സംഗീതം ബോളിവുഡിലും തരംഗമായിരിക്കുകയാണ്.
2012ല്‍ ധനുഷിന്റെ ‘ത്രീ’ എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവരി’ എന്ന ഗാനത്തിന് സംഗീതമൊരുക്കിയാണ് അനിരുദ്ധ് സംഗീതസംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. 21 വയസായിരുന്നു അനിരുദ്ധിന് അന്ന്.’വൈ ദിസ് കൊലവരി’ ഹിറ്റായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള സംഗീത സംവിധായകനായി അനിരുദ്ധ് മാറി. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഗായകനായി മലയാളത്തിലും അനിരുദ്ധ് അരങ്ങേറ്റം കുറിച്ചു. രജനികാന്തിന്റെ ജയിലറില്‍ അനിരുദ്ധ് ഒരുക്കിയ ‘കാവാലാ’ എന്ന ഗാനവും ഹിറ്റ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു.