ബംഗളുരു : ഹൊസ്‌കോട്ടെയിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ 16-കാരി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകരുടെപേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഒരുമാസത്തോളം കുട്ടിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നിൽ വെച്ച് ശിക്ഷ നൽകിയതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ജൂൺ 20-നാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് സംഭവദിവസം മൂന്ന് അധ്യാപകർ പെൺകുട്ടിയെ വഴക്കുപറഞ്ഞതായും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും രക്ഷിതാക്കളെ അറിയിച്ചത്. ഒരു അധ്യാപികയുടെ മകനുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം. ഇതോടെ രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.