Home Featured ബെംഗളൂരു: തിരക്കേറിയ ബസ്സിന്റെ വാതിൽപ്പടിയിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: തിരക്കേറിയ ബസ്സിന്റെ വാതിൽപ്പടിയിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു

by admin

ബെംഗളൂരു: തിരക്കേറിയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽപ്പടിയിൽനിന്ന് യാത്രചെയ്തയാൾ പുറത്തേക്കുവീണ് മരിച്ചു. മാണ്ഡ്യയിലെ പാണ്ടവപുരയിലാണ് സംഭവം. ഹരകനഹള്ളി സ്വദേശി ചെലുവ ഗൗഡയാണ് മരിച്ചത്. മാണ്ഡ്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കർണാടകത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തിപദ്ധതി നടപ്പാക്കിയശേഷമുണ്ടായ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ 12-ന് ഹാവേരിയിൽ തിരക്കേറിയ ബസിൽനിന്ന് 14 വയസ്സുള്ള വിദ്യാർഥിനി വീണ് മരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽപ്പടിയിൽനിന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു ഈ അപകടവും. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. ജൂൺ 11-നാണ് ശക്തി പദ്ധതിക്ക് തുടക്കമായത്.

സൗജന്യയാത്ര അനുവദിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും സ്ത്രീകൾ കൂട്ടമായി യാത്ര ചെയ്യാനിറങ്ങുകയാണ്. നിറയെ യാത്രക്കാരുമായാണ് ബസുകൾ സഞ്ചരിക്കുന്നത്. ബസുകളുടെ വാതിൽപ്പടിമേൽ വരെ യാത്രക്കാർ നിന്ന് സഞ്ചരിക്കുന്നു. ബസ് ജീവനക്കാർക്ക് ഇവരെ ശ്രദ്ധിക്കാനാകുന്നുമില്ല. ഇതാണ് അപകടത്തിലേക്ക് നയിക്കുന്നത്. യാത്രക്കാരുടെ തിരക്കുകൊണ്ട് ബസുകളുടെ വാതിലുകൾ പറിഞ്ഞു പോകുന്ന സംഭവങ്ങൾ വരെ കഴിഞ്ഞ ദിവസമുണ്ടായി.

പദ്ധതി നടപ്പായശേഷം ഞായറാഴ്ച വരെ 3.63 കോടി സ്ത്രീകൾ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിൽ യാത്ര ചെയ്തതായാണ് കണക്ക്. 84.28 കോടിരൂപ മൂല്യമുള്ള സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു.

കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രി

ശക്തി പദ്ധതി നടപ്പായതോടെ ബസുകളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സ്ത്രീകളോട് കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി. പദ്ധതി അടുത്ത അഞ്ച് വർഷം തുടരും. അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്ത് പദ്ധതി ഉപയോഗപ്പെടുത്തണം. ബസുകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കണം.-അദ്ദേഹം പറഞ്ഞു. ബസുകളിൽ വലിയ ജനക്കൂട്ടമുണ്ടാകുന്നത് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സമ്മർദത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group