ബെംഗളൂരു: കർണാടകത്തിലെ ധാർവാഡിൽ മഴ പെയ്യാൻ തവളക്കല്യാണം നടത്തി ഗ്രാമീണർ. കൽഘട്ടഗി താലൂക്കിലെ സുരഷെട്ടിക്കൊപ്പ ബ്രഹ്മലിംഗേശ്വര ക്ഷേത്രത്തിലാണ് ആഘോഷപൂർവം തവളക്കല്യാണം നടന്നത്. സാധാരണ വിവാഹച്ചടങ്ങുകൾക്കു സമാനമായി ക്ഷേത്രപൂജാരിയുടെ നേതൃത്വത്തിലായിരുന്നു തവളക്കല്യാണം. കല്യാണത്തിനുശേഷം വിഭവസമൃദ്ധമായ സദ്യയുമൊരുക്കി. ഗ്രാമത്തിലെ ഭൂരിഭാഗംപേരും ചടങ്ങിനെത്തി.ഏതാനുംവർഷങ്ങൾക്കുമുമ്പ് ഗ്രാമം വരൾച്ചയുടെ പിടിയിലായപ്പോഴും തവളക്കല്യാണം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് ദിവസങ്ങൾക്കുശേഷം ഗ്രാമത്തിൽ മഴ പെയ്തെന്നും കൃഷിപ്പണികൾ തുടങ്ങാൻ കഴിഞ്ഞെന്നും ഗ്രാമവാസികൾ പറഞ്ഞു. വീണ്ടും വരൾച്ചയുണ്ടായപ്പോൾ ഇതേമാർഗം സ്വീകരിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്താനും ഭക്ഷണത്തിനും പണം പിരിവെടുക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും ഗ്രാമത്തലവന്റെയും സജീവസാന്നിധ്യവും ചടങ്ങുകളിലുണ്ടായിരുന്നു.
പൂക്കൾവിതറിയും ‘വധൂവരന്മാർ’ക്ക് കന്നഡ ആചാരപ്രകാരം സിന്ദൂരം ചാർത്തിയുമാണ് കല്യാണത്തിനെത്തിയവർ പിരിഞ്ഞത്.ഒരാഴ്ചമുമ്പ് മൈസൂരു ചാമുണ്ഡേശ്വരിയിലെ ഗ്രാമത്തിലും സമാനമായ രീതിയിൽ തവളക്കല്യാണം നടന്നിരുന്നു. കർണാടകത്തിലെ പല ഗ്രാമങ്ങളിലും വേനൽക്കാലത്ത് തവളക്കല്യാണം സംഘടിപ്പിക്കുന്നത് പതിവാണ്.
ഇതൊക്കെയാണ് ഭാഗ്യം; നാലാം നിലയില്‍ നിന്ന് നാലു വയസുകാരി വീണത് യുവാവിന്റെ മടിയിലേക്ക്
ജീവിതത്തിലേക്ക് ഏതെല്ലാം തരത്തിലാണ് ഭാഗ്യം നമ്മളെ തേടിയെത്തുക എന്നത് പറയാൻ പറ്റില്ല. ചിലപ്പോള്‍ മരണത്തില്‍ നിന്ന് വരെ നമ്മളെ കൈപ്പിടിച്ചുയര്‍ത്തുന്നത് ഇത്തരത്തിലുള്ള ഭാഗ്യങ്ങളായിരിക്കും.മുംബൈയിലുള്ള നാലു വയസുകാരി ദേവഷി സഹാനി ഇത്തരത്തില്‍ ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയാണ്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ദേവഷി വീണത് ഇരുപത്തിയെട്ടുകാരന്റെ മടിയിലേക്കാണ്. നിസ്സാരപരിക്കുകളോടെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
നാലാംനിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലൂടെ നടക്കുന്നതിനിടെ കുട്ടി വീണത് അതേ കെട്ടിടത്തില്‍ താമസിക്കുന്ന ശിവകുമാര്‍ ജെയ്സ്വാളിന്റെ മടിയിലേക്കാണ്. താഴത്തെ നിലയില്‍ ഇരിക്കുകയായിരുന്ന ശിവകുമാറിനും നിസ്സാരപരിക്കേറ്റു.ഫ്ളാറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബാല്‍ക്കണിയിലെ ഇരുമ്ബുമറ എടുത്തുമാറ്റി തുണികൊണ്ട് മറച്ചിരുന്നു. നടക്കുന്നതിനിടെ തുണിക്കിടയിലൂടെ കുട്ടി വീഴുകയായിരുന്നു.
വീഴുന്ന ശബ്ദം ഫ്ളാറ്റിലെ താമസക്കാര്‍ കേട്ടെങ്കിലും അറ്റകുറ്റപ്പണിയുടെ ശബ്ദമാണെന്നാണ് കരുതിയത്. കുട്ടി വീണവിവരം ശിവകുമാര്‍ ജെയ്സ്വാളാണ് കുടുംബത്തെ അറിയിച്ചത്. നെറ്റിയില്‍ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ഉടമയുടെയും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന്റെയും പേരില്‍ പോലീസ് കേസെടുത്തു.