കൊല്‍ക്കത്ത : പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും എംപിമാരുടെ നേതൃത്വപരമായ ഭിന്നതയും രൂക്ഷമായ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ വൻ അഴിച്ചുപണി.വിവിധ പോഷക സംഘടനകളിലും ജില്ലാ തലങ്ങളിലും നേതൃത്വത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള നിർണ്ണായക തീരുമാനങ്ങള്‍ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ടു.അർണബ് ബാനർജിയെ സംസ്ഥാന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചു. കുനാല്‍ ഘോഷിനെ വടക്കൻ കൊല്‍ക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. മൊസറഫ് ഹൊസൈൻ (ന്യൂനപക്ഷ സെല്‍ പ്രസിഡന്റ്), അലിഫാ അഹമ്മദ് (വനിതാ വിഭാഗം പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.പാർട്ടി വിട്ടുപോയവരും നേതൃത്വവുമായി അകന്നവരുമായ നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിയാണ് പുതിയ പുനഃസംഘടനയെന്ന് മുതിർന്ന നേതാവ് സൗഗത റോയ് അറിയിച്ചു.
ജ്യോതിപ്രിയ മല്ലിക്കിനെയും സൗഗത റോയിയെയും ദേശീയ വർക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃണമൂല്‍ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെയും 4,000 ഇവിഎമ്മുകള്‍ നശിപ്പിച്ച സംഭവത്തെയും യോഗം ശക്തമായി അപലപിച്ചു.ഏകദേശം 20-ഓളം ലോക്സഭാ എംപിമാർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്. ശതാബ്ദി റോയ്, സയോനി ഘോഷ്, ദേവ്, യൂസഫ് പഠാൻ, രചന ബാനർജി തുടങ്ങിയ പ്രമുഖർ ഉള്‍പ്പെടെ 19 എംപിമാർ ലോക്സഭാ സ്പീക്കർക്ക് പ്രത്യേക അപേക്ഷ നല്‍കിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വിമതർക്കെതിരെ അച്ചടക്ക നടപടികള്‍ കർശനമാക്കുന്നതിലൂടെ പാർട്ടിയുടെ നിലനില്‍പ്പ് ഉറപ്പാക്കാനാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.