ബെംഗളൂരു:സംസ്ഥാനത്ത് വേനൽമഴയിൽ 9500 ഹെക്ടറിലെ കൃഷി നശിച്ചതായി സർക്കാരിന്റെ കണക്ക്. പച്ചക്കറി, കരിമ്പ്, ചോളം, നെല്ല് ഉൾപ്പെടെയുള്ള കൃഷിയാണ് നശിച്ചത്. ഇതിന് പിന്നാലെ 12,060 ഹെക്ടറിലെ പൂക്കൃഷിയും നശിച്ചു. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. കോലാർ, ബീദർ, യാദ്ഗിർ തുടങ്ങിയ ജില്ലകളിലാണ് വൻതോതിൽ കൃഷിനാശമുണ്ടായത്.
ബീദറിൽ ഇത്തവണ സാധാരണയേക്കാൾ 235 ശതമാനം വേനൽ മഴയാണ് അധികമായി ലഭിച്ചത്. വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്ന ജില്ലയിലെ വടക്കൻമേഖലകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പച്ചക്കറിത്തോട്ടങ്ങൾ പൂർണമായി നശിച്ചു. ആലിപ്പഴവർഷം മാമ്പഴക്കൃഷിയെയും ദോഷകരമായി ബാധിച്ചു. മൂപ്പെത്തുംമുമ്പേ മാങ്ങ കേടായിവീണുപോയതിനാൽ കൃഷിയിടങ്ങളിൽനിന്ന് ഇത്തവണ കാര്യമായ വരുമാനം കർഷകർക്ക് ലഭിച്ചില്ല.
യാദ്ഗിറിൽ 62 ശതമാനം അധികവേനൽമഴയാണ് ലഭിച്ചത്. സമീപജില്ലകളായ ദാവണഗെരെ, ചിത്രദുർഗ, റായ്ച്ചൂർ എന്നിവിടങ്ങളിലും പതിവിലും കൂടുതൽ വേനൽമഴ ഇത്തവണയുണ്ടായി. ചോളം, നെല്ല് തുടങ്ങിയ കൃഷികൾ പലയിടങ്ങളിലും നശിച്ചു. ഏപ്രിൽ അവസാനത്തോടെ വിളവെടുക്കാൻ പാകമായ നൂറുകണക്കിന് ഹെക്ടറിലെ ചോളമാണ് പൂർണമായും നശിച്ചത്. ചിത്രദുർഗയിൽ കരിമ്പുതോട്ടങ്ങൾക്കും കാറ്റിലും മഴയിലും നാശനഷ്ടങ്ങളുണ്ടായി. മൈസൂരു, രാമനഗര തുടങ്ങിയ ജില്ലകളിലും കൃഷിയിടങ്ങളിൽ വെള്ളം കയറി.
കൃഷിനാശമുണ്ടായവർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകസംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു. അതേസമയം, കൃഷിനശിച്ചതോടെ പച്ചക്കറിക്കും പൂവിനും ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ വില കുതിച്ചുയരുകയാണ്.