ബെംഗളൂരു:കർണാടകത്തിനുള്ളിൽ എവിടേക്ക് സഞ്ചരിക്കാനും സർക്കാർ ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല. ബി.പി.എൽ.-എ.പി.എൽ. വ്യത്യാസമില്ലാതെ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം നൽകാൻപോകുന്നത് 2000 രൂപ. കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളിൽ രണ്ടെണ്ണം സ്ത്രീകളെമാത്രം ലക്ഷ്യമിട്ടാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളെ കൈയിലെടുക്കുകയാണ് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടുകൾ പാർട്ടിയിലേക്ക് ഒഴുകിയെത്തിയതിനുള്ള പ്രതിഫലവും. സ്ത്രീകൾക്ക് സാമൂഹികമായി കരുത്തുപകരുന്നതാണ് രണ്ട് പ്രഖ്യാപനങ്ങളും.
സ്ത്രീകൾക്ക് സൗജന്യ ബസ്യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ എ.സി., സ്ലീപ്പർ (എ.സി.യും നോൺ എ.സി.യും) മറ്റ് ലക്ഷ്വറി ബസുകൾ എന്നിവയൊഴികെയുള്ള എല്ലാ സർക്കാർ ബസുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ മൊത്തം ബസുകളുടെ 94 ശതമാനം വരുമിത്. കർണാടകത്തിനകത്തുള്ള ദീർഘ ദൂരയാത്രകളും വനിതകൾക്ക് സൗജന്യമായിരിക്കും. യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഇത് വലിയ അനുഗ്രഹമാകും.
വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം 2000 രൂപവീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി വനിതകളെയും ഇതുവഴി പാവപ്പെട്ട കുടുംബങ്ങളെയും സാമ്പത്തികമായി ശാക്തീകരിക്കും. സ്ത്രീകളിൽ ആരാണ് കുടുംബനാഥയെന്ന് തീരുമാനിച്ച് അവർ പദ്ധതിക്കായി അപേക്ഷ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധാർ കർഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉൾപ്പെടെ ഓൺലൈനായും അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. ബി.പി.എൽ.-എ.പി.എൽ. വ്യത്യാസമില്ലാതെയാണ് പദ്ധതി നടപ്പാക്കുക. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കും പദ്ധതിവഴി സഹായം ലഭിക്കും.
bbമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിൽ ഉപഭോക്താക്കളെ നിശ്ചയിക്കുന്നത് കഴിഞ്ഞ ഒരു വർഷത്തെ അവരുടെ വൈദ്യുത ബിൽ സംഖ്യ കണക്കിലെടുത്താകും. ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂണിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂണിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലായ് ഒന്നുമുതൽ ബില്ലടയ്ക്കേണ്ട. കുടിശ്ശികയുണ്ടെങ്കിൽ അത് സർക്കാർ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തുകിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതി തിരഞ്ഞെടുപ്പുസമയത്ത് പ്രഖ്യാപിച്ചത് ബി.പി.എൽ. കുടുംബങ്ങൾക്ക് മാത്രമായിരുന്നു. ഇതിൽ അന്ത്യോദയ കാർഡ് ഉടമകളെ പുതുതായി ഉൾപ്പെടുത്തി.
ലഹരി വില്പന; ബെംഗളൂരു;നഗരത്തി ൽ പ്രത്യേക പരിശോധന
ബെംഗളൂരു:നഗരത്തിലെ 250 ഇടങ്ങളിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനായി പോലീസിന്റെ പ്രത്യേക പരിശോധന. വ്യാഴം, വെള്ളി ദിവസങ്ങളായി നടന്ന പരിശോധനയിൽ 15 കിലോ കഞ്ചാവും എം.ഡി.എം.എ.യും വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ വിൽപ്പനനടത്തിയ 100 പേർക്കെതിരേ കേസെടുത്തു. സ്കൂളുകളും കോളേജുകളും തുറന്നതോടെ ലഹരി സംഘങ്ങൾ വീണ്ടും സജീവമാകുന്നത് തടയാനാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ദൂരപരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിറ്റവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ചാണ് നഗരത്തിലെ ലഹരിവിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നത്. അവധിക്കാലമായതിനാൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം രണ്ടുമാസത്തോളമായി മന്ദഗതിയിലായിരുന്നു. സ്കൂളുകൾ തുറന്നതോടെ ഈ സംഘങ്ങൾ വൻതോതിൽ ലഹരിവസ്തുക്കൾ ശേഖരിക്കാനൊരുങ്ങുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. തുടർന്നാണ് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് നഗരത്തിൽ വ്യാപകമായി പരിശോധനകൾനടത്താനുള്ള തീരുമാനമുണ്ടായത്. അതത് മേഖലകളിലെ ഡി.സി.പി. മാരാണ് പരിശോധനകൾക്ക് നേതൃത്വംനൽകിയത്.
വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപവത്കരിക്കാനും പദ്ധതി തയ്യാറായിവരികയാണ്. ഇതിനുപുറമേ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണവും സംഘടിപ്പിക്കും.