ബംഗളൂരു:കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ താല്‍ക്കാലിക നിയമന ഉത്തരവ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിൻവലിച്ചു.ദക്ഷിണ കന്നഡ ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമച്ച ഉത്തരവാണ് പിൻവലിച്ചിരിക്കുന്നത്. പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്.ജോലിയില്‍ പ്രവേശിച്ച നൂതൻ മംഗളൂരുവില്‍ ജോലി ചെയ്യാനുള്ള താല്‍പ്പര്യത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
അവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തില്‍ അസിസ്റ്റന്റ് തസ്തിക നല്കി. ഈ ഉത്തരവാണ് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിൻവലിച്ചിരിക്കുന്നത്.സര്‍ക്കാരുകള്‍ മാറുമ്ബോള്‍ താല്‍ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാൻ പൊതുവെ ആവശ്യപ്പെടാറുണ്ടെന്നും നൂതൻ കുമാരിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്കിയ മറുപടി.2022 ജൂലൈ 26നാണ് അക്രമികളുടെ വെട്ടേട്ട് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്.
കേസ് ഇപ്പോള്‍ എൻഐഎ അന്വേഷിക്കുകയാണ്. പ്രതികാര കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ മൂന്ന് അക്രമികളടക്കം പത്തിലധികം പ്രതിളെ അറസ്റ്റ് ചെയ്തിരുന്നു. നൂതന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ കാമ്ബയിൻ നടത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് ബൊമ്മൈ സര്‍ക്കാര്‍ നൂതന് ജോലി നല്‍കിയത്. അതേസമയം, കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന് ബിജെപി വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.
മരിച്ച നേതാവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. പ്രവീണിന്റെ പേരിലുള്ള വീട് 2800 ചതുരശ്ര അടിയില്‍ ഏകദേശം 70 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.നെട്ടാരു കൊലപാതക കേസില്‍ കേരളത്തില്‍ നിന്ന് നിന്നും ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെ്തിരുന്നു. ദക്ഷിണ കന്നഡ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാത്രിയില്‍ പ്രവീണ്‍ തന്റെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കേരള രജിസ്ട്രേഷൻ ബൈക്കിലെത്തിയവരാണ് കൊല നടത്തിയത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.