ബെംഗളൂരു: വേനലവധിയോടനുബന്ധിച്ച് അർസിക്കെരെയിൽനിന്ന് കണ്ണൂരിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06205/06206) വെള്ളിയാഴ്ച സർവീസ് നടത്തും. കണ്ണൂരിൽനിന്ന് അർസിക്കെരെക്കുള്ള സർവീസ് ശനിയാഴ്ചയാണ്. അർസിക്കെരെയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പുറപ്പെടുന്ന തീവണ്ടി ശനിയാഴ്ച പുലർച്ചെ 5.15-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽനിന്ന് ശനിയാഴ്ച രാവിലെ എട്ടിന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം പുലർച്ചെ മൂന്നിന് അർസിക്കെരെയിലെത്തും. തീവണ്ടിയിലേക്കുള്ള ടിക്കറ്റ് വേഗത്തിൽ വിറ്റഴിയുകയാണ്. തീവണ്ടിയിൽ ഒരു എ.സി. ടു ടയർ കോച്ചും ഒരു എ.സി. ത്രീ ടയർ കോച്ചും ആറ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ആൻഡ് ബ്രേക്ക് വാനും ഉണ്ടാകും.
അർസിക്കെരെ-കണ്ണൂർ (06205)
അർസിക്കെരെ (ഉച്ചയ്ക്ക് 12.15), തുമകൂരു (12.58), ചിക്കബാനവാര (1.38), സർ എം. വിശ്വേശ്വരായ ടെർമിനൽ (3.35), കൃഷ്ണരാജപുരം (4.03), ബംഗാരപ്പേട്ട് (4.47), സേലം (രാത്രി 7.47), ഈറോഡ് (8.40), തിരുപ്പൂർ (9.33), കോയമ്പത്തൂർ (10.37), പാലക്കാട് (11.42), ഷൊർണൂർ (12.20), തിരൂർ (1.15), കോഴിക്കോട് (2.5), വടകര (3), തലശ്ശേരി (3.45), കണ്ണൂർ (പുലർച്ചെ 5.15).
കണ്ണൂർ (രാവിലെ 8), തലശ്ശേരി (8.25), വടകര (8.50), കോഴിക്കോട് (9.50), തിരൂർ (10.35), ഷൊർണൂർ (11.30), പാലക്കാട് (ഉച്ചയ്ക്ക് 12.15), കോയമ്പത്തൂർ (1.50), തിരുപ്പൂർ (2.40), ഈറോഡ് (വൈകീട്ട് 3.35), സേലം (4.45), ബംഗാരപ്പേട്ട് (രാത്രി 7.53), കൃഷ്ണരാജപുരം (8.53), സർ എം. വിശ്വേശ്വരായ ടെർമിനൽ (9.5), ചിക്കബാനവാര (10.20), തുമകൂരു (11), അർസിക്കെരെ (പുലർച്ചെ 3).
അതിവേഗപാത : ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം വന്നേക്കാം
ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം ആലോചനയിൽ. പ്രധാന പാതകൾക്കുപകരം സർവീസ് റോഡുകൾ ഇരുചക്രവാഹനങ്ങൾക്ക് ഉപയോഗിക്കാം.
ഒാട്ടോറിക്ഷകൾക്കും ട്രാക്ടറുൾപ്പെടെയുള്ള കാർഷിക വാഹനങ്ങൾക്കും സമാനമായ നിയന്ത്രണമുണ്ടാകും. രാജ്യത്തെ മറ്റു ഭൂരിഭാഗം അതിവേഗ പാതകളിലും നിലവിൽ സമാനമായ നിയന്ത്രണങ്ങളുണ്ട്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
നിലവിൽ 120 കിലോമീറ്റർ വരെയാണ് അതിവേഗ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന ശരാശരി വേഗത. ഇൗ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങൾ അതിവേഗ പാതയിൽ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്.
ട്രാക്ടറും ഓട്ടോറിക്ഷകളും വേഗതകുറച്ച് പോകുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ അപകടങ്ങൾ കുത്തനെ കൂടുന്ന സാഹചര്യത്തിൽ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസം രാമനഗരയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരുന്നു.
അതേസമയം, നിലവിൽ വലിയൊരു വിഭാഗം ഇരുചക്രവാഹനയാത്രക്കാരും അതിവേഗപാതയിലെ സർവീസ് റോഡാണ് ഉപയോഗിക്കുന്നത്. തിരക്കുകുറഞ്ഞതും റോഡരികിൽ തണൽ മരങ്ങളുള്ളതുമാണ് ഇരുചക്രവാഹനയാത്രക്കാരെ ആകർഷിക്കുന്നത്.