ബംഗളൂരു: സ്ഥാനാര്‍ഥി പട്ടികയില്‍ തങ്ങളുടെ നേതാക്കള്‍ക്ക് ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗളൂരുവിലെ ക്യൂന്‍സ് റോഡിലുള്ള പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്നു.
തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമ്ബോള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. അതിനു ശേഷം രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സര്‍വേ നടത്തിയതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുകയെന്ന് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുക. അതിനാലാണ് പാര്‍ട്ടി ടിക്കറ്റിന് വേണ്ടി ആവശ്യക്കാര്‍ ഏറുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരും. മികച്ച സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് ലഭിക്കും -അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 24ന് കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 124 പേരുടെ പട്ടികയായിരുന്നു പ്രഖ്യാപിച്ചത്. ബാക്കി 100 പേരുടെ പട്ടികയണ് പ്രഖ്യാപിക്കാനുള്ളത്.
അതേസമയം, കോലാര്‍ സീറ്റിനെ സംബന്ധിച്ച തര്‍ക്കം ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കോലാറില്‍ നിന്ന് മത്സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും തനിക്ക് കോലാര്‍ സീറ്റ് വേണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.
എന്നാല്‍ തനിക്ക് സിദ്ധരാമയ്യയില്‍ നിന്ന് ഒരു അപേക്ഷ മാത്രമാണ് ലഭിച്ചതെന്നും അതനുസരിച്ച് അദ്ദേഹത്തിന് വരുണ സീറ്റ് നല്‍കിയെന്നും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവ കുമാര്‍ പറഞ്ഞു. നേരത്തെ സിദ്ധരാമയ്യയുടെ മകന് വരുണയില്‍ നിന്ന് മത്സരിക്കുമെന്ന് ഊഹാപോഹമുണ്ടായിരുന്നു. അതേസമയം, ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടിട്ടില്ല.