ബംഗളൂരു: തുമകുരു റൂറലില്‍നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈകോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി.
അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈകോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്‍കിയ പരാതിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി.
എന്നാല്‍ പരാതി നല്‍കി അഞ്ചുവര്‍ഷം കഴിയവെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഹൈകോടതി വിധിയെന്നതാണ് കൗതുകകരം.ഫെബ്രുവരി 17ന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ജനപ്രാതിനിധ്യനിയമത്തിലെ 101ാം വകുപ്പു പ്രകാരമാണ് കോടതി എം.എല്‍.എയെ അയോഗ്യനാക്കിയത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍ സ്വാമി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അയോഗ്യത വിധി തല്‍ക്കാലത്തേക്ക് സസ്‍പെന്‍ഡ് ചെയ്യണമെന്നും എതിര്‍ ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
കര്‍ണാടക: 9.17 ലക്ഷം പുതുവോട്ടര്‍മാര്‍, 58,282 പോളിങ് സ്റ്റേഷനുകള്‍
ബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ 9.17 ലക്ഷം പുതുവോട്ടര്‍മാര്‍.ഇത്തവണ 3021 എന്‍.ആര്‍.ഐ.
പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തെ 1834ഓളം ലൈംഗിക തൊഴിലാളികളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 89,000 വിവിപാറ്റുകള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. 17 വയസ്സിന് മുകളിലുള്ള 1.25 ലക്ഷം പേര്‍ അഡ്വാന്‍സ്ഡ് ആപ്ലിക്കേഷന്‍ ഫെസിലിറ്റിയിലൂടെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നോടെ 41,000 അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിക്കും.
ഇവര്‍ക്കും ഇത്തവണ വോട്ടുചെയ്യാനാകും. 58,282 പോളിങ് സ്റ്റേഷനുകളാണ് 224 നിയോജകമണ്ഡലങ്ങളിലായി ഒരുക്കുന്നത്. ഒരു സ്റ്റേഷനില്‍ ചുരുങ്ങിയത് 883 വോട്ടര്‍മാരായിരിക്കും ഉണ്ടാവുക.പകുതി പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 1320 പോളിങ് സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുക വനിതാ ഉദ്യോഗസ്ഥകളായിരിക്കും.
വിപുലമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ മനോജ് കുമാര്‍ മീണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക ബൂത്തുകളുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി മൂന്നുലക്ഷം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ പരിശീലനം നല്‍കിവരുകയാണ്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 2040 ഫ്ലയിങ് സ്ക്വാഡുകളും 2605 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 266 വിഡിയോ വ്യൂവിങ് ടീമുകളും 631 വിഡിയോ സര്‍വൈലന്‍സ് ടീമുകളും 225 അക്കൗണ്ടിങ് ടീമുകളും സജ്ജമായിട്ടുണ്ട്.
വോട്ടര്‍മാരെ പാട്ടിലാക്കാന്‍ സമ്മാനങ്ങളും മദ്യവും പണവും വിതരണം ചെയ്യുന്നത് തടയാന്‍ തിരച്ചില്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ ഇതുവരെ 58 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. പണത്തിനുപുറമേ മദ്യം, ലഹരിമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഈ മാസം ഒമ്ബത് മുതല്‍ 27 വരെ 1985 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറില്‍ കടത്തിക്കൊണ്ടുവന്ന 35.5 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റു ചെയ്തു.തെഞ്ഞെടുപ്പിന് അനധികൃതമായി കടത്തിയതാണ് പണമെന്ന് കരുതുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.