Home Featured കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

by admin

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പേരു വിവരങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 124 പേരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിച്ചത്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും.

2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത്. മൈസൂരു താലൂക്കില്‍ പെടുന്ന വരുണ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണ്.

2008, 2013 വര്‍ഷങ്ങളില്‍ വരുണയില്‍ നിന്ന് സിദ്ധരാമയ്യ വിജയിച്ചിരുന്നു. പിന്നീട്, 2018ല്‍ മണ്ഡലം മകന് വേണ്ടി ഒഴിഞ്ഞു കൊടുത്തു. 2018 സിദ്ധരാമയ്യ ബദാമിയിലാണ് മത്സരിച്ചത്. ഇത്തവണ വരുണയ്‌ക്കൊപ്പം ബദാമിയില്‍ നിന്നും സിദ്ധരാമയ്യ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബദാമിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പ ദേവനഹള്ളിയില്‍ സ്ഥാനാര്‍ഥിയായി ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിത്താപുറില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തു വന്നത്.

കര്‍ണാടകയില്‍ മുസ്‌ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി

ബംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം സര്‍ക്കാര്‍ റദ്ദാക്കി. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗര്‍ക്കും വീതിച്ചുനല്‍കും.ഇത്തരത്തില്‍ രണ്ടു ശതമാനം വീതം ഈ സമുദായങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്.

10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. മേയില്‍ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴു ശതമാനവുമായി ഉയര്‍ന്നു. സംവരണം ഉയര്‍ത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്.

അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് 2023 മാര്‍ച്ച്‌ 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്.രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.

You may also like

error: Content is protected !!
Join Our WhatsApp Group