Home Featured തോന്നിയപോലെ വിലക്കരുത്, ഇന്‍റര്‍നെറ്റ്; ആഭ്യന്തര-ടെലികോം മന്ത്രാലയങ്ങളെ വിമര്‍ശിച്ച്‌ സഭാ സമിതി

തോന്നിയപോലെ വിലക്കരുത്, ഇന്‍റര്‍നെറ്റ്; ആഭ്യന്തര-ടെലികോം മന്ത്രാലയങ്ങളെ വിമര്‍ശിച്ച്‌ സഭാ സമിതി

by admin

ന്യൂഡല്‍ഹി: പ്രായോഗികമായി പഠിക്കാതെ അടിക്കടി ഇന്‍റര്‍നെറ്റ് സേവനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്ന സംഭവങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച്‌ പാര്‍ലമെന്‍റ് പഠന സമിതി. ഇന്‍റര്‍നെറ്റ് കട്ട് ചെയ്ത സംഭവങ്ങളുടെ രേഖകളൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്നില്ല. ഇന്‍റര്‍നെറ്റ് നിരോധനം സമ്ബദ്രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതവും പഠിച്ചിട്ടില്ല. പാര്‍ലമെന്‍റിന്‍റെ കമ്യൂണിക്കേഷന്‍സ്-ഐ.ടി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടു വെച്ച ശിപാര്‍ശകളില്‍ നടപടിയുമില്ല.

ഇങ്ങനെ പോകാന്‍ പറ്റില്ലെന്ന് സഭാ സമിതി വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് സേവനം തടയുന്നതിന് ചട്ടങ്ങളുണ്ട്. വിലക്ക് നീക്കുന്നതിനും നടപടിക്രമങ്ങള്‍ വേണം. ഇക്കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വ്യക്തമായ മാര്‍ഗരേഖ രൂപപ്പെടുത്താന്‍ ലോക്സഭയില്‍വെച്ച റിപ്പോര്‍ട്ടില്‍ പ്രതാപ്റാവു ജാദവ് അധ്യക്ഷനായ 32 അംഗ സമിതി നിര്‍ദേശിച്ചു.

പൊലീസും ക്രമസമാധാനവും സംസ്ഥാന സര്‍ക്കാറുകളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്ന് വാദിച്ചതുകൊണ്ടായില്ല. ഇന്‍റര്‍നെറ്റ് വിലക്കുന്നത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന വിശദീകരണവും അംഗീകരിക്കാനാവില്ല. സേവനം വിലക്കിയാല്‍, അതിന്‍റെ രേഖകള്‍ ആഭ്യന്തര, ടെലികോം മന്ത്രാലയങ്ങളുടെ പക്കല്‍ വേണം.

ഓരോ സംസ്ഥാനത്തെയും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖകള്‍ ആഭ്യന്തര മന്ത്രാലയം ക്രോഡീകരിച്ചു സൂക്ഷിക്കുന്നുണ്ട്. അതേപോലെ, വിവിധ സംസ്ഥാനങ്ങളിലെ ഇന്‍റര്‍നെറ്റ് വിലക്കിന്‍റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ കേന്ദ്രീകൃതമായ ഡേറ്റബേസ് സൂക്ഷിക്കാവുന്നതേയുള്ളൂ.

മാധ്യമങ്ങളില്‍വന്ന കണക്കുകള്‍ പ്രകാരം 2012 ജനുവരി മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ 518 സംഭവങ്ങളുണ്ട്. ഇത് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണ്. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങളുടെ പക്കല്‍ രേഖ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഇതിന്‍റെ നിജഃസ്ഥിതി പരിശോധിക്കാന്‍ പാര്‍ലമെന്‍റ് സമിതിക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും പെട്ടെന്ന് കേന്ദ്രീകൃത ഡേറ്റ ബേസ് തയാറാക്കണം.

സമൂഹ മാധ്യമങ്ങള്‍ സാമൂഹിക വിരുദ്ധര്‍ ദുരുപയോഗിക്കുന്നതാണ് ഇന്‍റര്‍നെറ്റ് വിലക്കിന് പറയുന്ന ഒരു കാരണം. അടിയന്തര ഘട്ടങ്ങളില്‍ അത് വേണ്ടിവരാം. പക്ഷേ, നിരോധനം കൊണ്ട് ഗുണമുണ്ടെന്ന് സമര്‍ഥിക്കുന്ന ഒരു ആധികാരിക പഠനവുമില്ലാതെ അടിക്കടി വിലക്ക് ഏര്‍പ്പെടുത്തുന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നതാണ്. അനുപാതം കൈവിട്ട് വിലക്ക് പാടില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചട്ടപ്രകാരം 15 ദിവസത്തില്‍ കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്താനുമാവില്ല.

ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് വിലക്ക് പുനഃപരിശോധിക്കുന്നതിന് പ്രത്യേക സമിതിയുണ്ട്. റിട്ട. ജഡ്ജിമാര്‍, പൗരപ്രമുഖര്‍, ടെലികോം സേവന ദാതാക്കള്‍, എം.പി, എം.എല്‍.എ എന്നിവരെ ഈ സമിതിയുടെ ഭാഗമാക്കുന്നത് പരിഗണിക്കണം. നിയമ പശ്ചാത്തലമുള്ളവരാണ് നിലവിലെ കമ്മിറ്റിയില്‍ ഉള്ളതെന്ന ടെലികോം വകുപ്പിന്‍റെ നിലപാട് തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group