ബെംഗളുരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ പിന്നാക്ക ജാതിയില്‍പെട്ട സ്ത്രീയെ ആക്രമിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് ക്ഷേത്രത്തില്‍ നിന്നു പുറത്താക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.ബെംഗളുരു അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ ക്ഷേത്ര ട്രെസ്റ്റിയെയാണ് പോലീസ് പിടികൂടിയത്. പിന്നാക്ക ജാതിയില്‍പെട്ട നിനക്ക് എങ്ങനെ ക്ഷേത്രത്തില്‍ കയറാനാവുമെന്ന് ആക്രോശിച്ചു കൊണ്ട് സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്ത് വന്നിരുന്നു . കഴിഞ്ഞമാസം 21നു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. പിറകെ ആക്രമിക്കപ്പെട്ട സ്ത്രീ പരാതി നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണു ക്ഷേത്രം രക്ഷാധികാരി മുനികൃഷ്ണപ്പയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. അതേസമയം താന്‍ പ്രതിഷ്ഠയുടെ ഭാര്യയാണെന്നും പ്രതിഷ്ഠയ്ക്ക് അരികില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സ്ത്രീ ബഹളം വച്ചന്നാണു മുനികൃഷ്ണപ്പയുടെ വാദം. വിശദമായ അന്വേഷണം തുടരുന്നതായി അമൃതഹള്ളി പൊലീസ് അറിയിച്ചു.
സമൂഹത്തിന്റെ പരിഹാസം ഭയന്ന് അവിവാഹിതയായ അമ്മ കുഞ്ഞിനെ എറിഞ്ഞു കൊന്നു
ന്യൂഡല്‍ഹി: സമൂഹം കുറ്റപ്പെടുത്തുന്നത് ഭയന്ന് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി അവിവാഹിതയായ അമ്മ. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് വിഹാറിലാണ് 20കാരിയായ യുവതി തന്റെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയത്.
അപകീര്‍ത്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവിവാഹിതയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും അവര്‍ പറഞ്ഞു. നോയിഡയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കുഞ്ഞിനെ ജയ് ആംബെ അപ്പാര്‍ട്ടുമെന്റില്‍ ഉയരത്തില്‍ നിന്ന് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ കിടക്കുന്ന കുഞ്ഞിനെ നാട്ടുകാര്‍ നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എല്‍.ബി.എസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരിക്കുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വീടുകളില്‍ പൊലീസ് പരിശോധന നടത്തിയതായും കുറ്റവാളിയെ കണ്ടെത്താന്‍ നാട്ടുകാരെ ചോദ്യം ചെയ്തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) അമൃത ഗുഗുലോത്ത് പറഞ്ഞു. സംശയം തോന്നിയ അപ്പാര്‍ട്ട്മെന്റിലെ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. താന്‍ അവിവാഹിതയാണെന്നും സാമൂഹിക ആക്ഷേപം ഭയന്ന് കുഞ്ഞിനെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞതായി ഡി.സി.പി പറഞ്ഞു.