ബംഗളൂരു: സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കാവിനിറം പൂശാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവാദം. സ്വാമി വിവേകാനന്ദയുടെ പേരില്‍ ആരംഭിച്ച വിവേക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 8,000 സ്കൂളുകള്‍ക്കാണ് കാവി പെയിന്റ് അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞദിവസം കല്‍ബുര്‍ഗിയില്‍ വിദ്യദാന സമിതി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. സ്കൂളിലെ ക്ലാസ്മുറികള്‍ക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കും. ഇതിനു പിന്നില്‍ പ്രത്യയശാസ്ത്രപരമായ പ്രേരണകളില്ലെന്നും കെട്ടിട നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതിനനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി ബി.സി. നാഗേഷ് വിശദീകരിച്ചു.
സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായാണ് സ്കൂളുകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം ധരിച്ചിരുന്നത് കാവി നിറത്തിലുള്ള വസ്ത്രമാണിതെന്നുമാണ് ബി.ജെ.പി സ്കൂളുകള്‍ കാവി പൂശാന്‍ ന്യായീകരണമായി പറയുന്നത്.കര്‍ണാടകയിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായാണ് വിവേക പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും പുതിയ വിദ്യാലയങ്ങളുടെ നിര്‍മാണവുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഇതിനായി 992 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 7,000 ക്ലാസ്മുറികളും കല്യാണ കര്‍ണാടക റീജ്യനല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ഫണ്ടു കൊണ്ട് ആയിരം ക്ലാസ്മുറികളും നിര്‍മിക്കും.സര്‍ക്കാര്‍ സ്കൂളുകളും കോളജുകളും നടത്തിക്കൊണ്ടുപോകുന്നത് നികുതി ദായകരാണ്. ഇതെല്ലാം ഒരു മതത്തിന്റെ കീഴിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു തരത്തിലുമുള്ള അധികാരമില്ല. വിദ്യാഭ്യാസസമ്ബ്രദായത്തെ മതവത്കരിക്കാനുള്ള മന്ത്രിയുടെ നീക്കം ഒരു തരത്തിലും സ്വീകാര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് മുന്നറിയിപ്പു നല്കി.
അതേസമയം, എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ വാദം. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ”നമ്മുടെ ദേശീയപതാകയില്‍ കാവിനിറമുണ്ട്. എന്തിനാണ് കാവിനിറം പറഞ്ഞ് അവര്‍ ദേഷ്യപ്പെടുന്നത്? സ്വാമി വിവേകാനന്ദയുടെ പേരില്‍ നിര്‍മിച്ച സ്കൂള്‍ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിവേക എന്ന വാക്കിനര്‍ത്ഥം എല്ലാവര്ക്കും വിദ്യാഭ്യാസം എന്നതാണ്. അവരെ പഠിക്കാന്‍ അനുവദിക്കൂ.”-ബസവരാജ് ബൊമ്മൈ പറഞ്ഞു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ല; ദില്ലി ഹൈക്കോടതി
ദില്ലി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ദില്ലി ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങൾ ഒരിക്കലും ക്രിമിനൽ കുറ്റമല്ലെന്നും കോടതി പറഞ്ഞു. പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിന്റെ ഉദ്ദേശം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്.
എന്നാല്‍ അത് യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. ഇര പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരമായ യാതൊരു സാധ്യത ഇല്ലെങ്കിലും ഓരോ കേസിന്റെയും സാഹചര്യങ്ങളും വസ്തുതകളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് യുവാവിന് ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. 2021 ജൂണിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ദില്ലി സ്വദേശിയായ പതിനേഴു വയസുകാരിയെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ച് അയച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ ആയിരുന്നില്ല വിവാഹം. മറ്റൊരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് 2021 ഒക്ടോബറിൽ കാമുകനായ യുവാവിനൊപ്പം പെണ്‍കുട്ടി വീടുവിട്ടു. പഞ്ചാബിലേക്കാണ് ഇരുവരും പോയത്. അവിടെ വെച്ച് ഇരുവരും വിവാഹിതരായി. ഇതിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ദമ്പതികൾക്ക് പോലീസ് സംരക്ഷണം അനുവദിച്ചെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉഭയസമ്മതപ്രകാരമാണ് ഇരുവരും ജീവിതം ആരംഭിച്ചതെന്നും അതിനാല്‍ പോക്സോ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനെപ്പം പോയതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും.
വിവാഹിതരായതും ആരുടേയും പ്രേരണയിലോ സമ്മര്‍ദ്ദത്തിലോ അല്ല. പെണ്‍കുട്ടി തന്നെയാണ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയതെന്നും കോടതി പറഞ്ഞു. അതിനാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.