ബെംഗളൂരു മെട്രോ യാത്രക്കാർ ഏറെ കാത്തിരുന്ന മെട്രോ പിങ്ക് ലൈൻ സപ്റ്റംബർ ആദ്യ വാരത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ട്.നിയമപരമായ ചില അനുമതിള് മാത്രമാണ് ഇനി അവശേഷിക്കുന്നത്. പാത ഓഗസ്റ്റ് 15 ഓടെ തുറന്നേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം സമയപരിധി നീണ്ടുപോകുകയായിരുന്നു.നിർമ്മാണ പ്രവൃത്തികളും മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കിയതായി ബിഎംആർസിഎല്‍ മാനേജിങ് ഡയറക്ടർ പിസി ജാഫർ അറിയിച്ചു. ട്രെയിനുകള്‍ക്കുള്ള റെയില്‍വേ ബോർഡിന്റെ അംഗീകാരവും കമ്മീഷണർ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയുടെ സുരക്ഷാ പരിശോധനയുമാണ് ഇനി ശേഷിക്കുന്നത്.

അതുകൂടി ലഭിക്കുന്നതിന് അനുസരിച്ചാകും പാത തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.കലേന അഗ്രഹാര മുതല്‍ തവരേക്കര വരെ 7 കിമി നീളുന്നതാണ് പാത. പാത തുറക്കുന്നതോടെ ബന്നാർഘട്ട മേഖലയിലേക്ക് പ്രത്യേകിച്ച് കലേന അഗ്രഹാര, ഗൊട്ടിഗെരെ, ഹുളിമാവ്, ബിളേക്കഹള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഖമമാകും. എന്നാല്‍ മെട്രോ സ്റ്റേഷനുകള്‍ വരെയുള്ള നടത്തും അത്ര എളുപ്പമല്ലെന്നാണ് ചില പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.മെട്രോയിലേക്ക് പോകുന്ന പല റോഡുകളും സഞ്ചാരയോഗ്യമല്ലെന്നാണ് പരാതി ഉയരുന്നത്. നടപ്പാതകളോ, ഓവുചാലുകളോ ഇല്ല. ഓവുചാലുകള്‍ ഉള്ള ഭാഗത്ത് അവ കൃത്യമായി അടച്ചിട്ടില്ല, പ്രദേശവാസികള്‍ പറഞ്ഞു. ഉദാഹരണത്തിന് കലേന അഗ്രഹാരയില്‍ ഗൊട്ടിഗെരെയില് നിന്നും നൈസ് റോഡ് ഭാഗത്തുള്ള പ്രദേശത്തേക്ക് കൃത്യമായ റോഡുകളില്ല. നൈസ് റോഡിലേക്കുള്ള ഭാഗത്താകട്ടെ ചില ഇടങ്ങളില്‍ കാല്‍നടപ്പാതകള്‍ പോലുമില്ല. നിലവിലുള്ള പാതകളില്‍ പലതിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. നടപ്പാതകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ അപകട സാധ്യത കൂടുതലാണ്.ഹിമഗിരി മെയിൻ റോഡ്-ബന്നേർഘട്ട റോഡ് ജംഗ്ഷന് സമീപം ഒരു താല്‍ക്കാലിക ബസ് സ്റ്റോപ്പ് ഉണ്ട്.
എന്നാല്‍ ഈ ബസ്റ്റോപ്പിന് സമീപത്തുള്ള ഓടയാകട്ടെ തുറന്നുകിടക്കുകയാണ്. കൂടാതെ മെട്രോ സ്റ്റേഷന് ചുറ്റുമുള്ള കാല്‍നടപ്പാതകളില്‍ ചിലതില്‍ ചളി മൂടിക്കിടക്കുകയാണ്. കാലേന അഗ്രഹാരയില്‍ മാത്രമല്ല ഈ അവസ്ഥ. ഹുളിമാവ് സ്റ്റേഷനില്‍ കൃത്യമായൊരു ബസ്റ്റോപ്പ് ഇല്ല. ഹുളിമാവ് മെയിൻ റോഡ്, ബി.ഡി.എ 80 ഫീറ്റ് റോഡ്, ആരെക്കരെ റോഡ് തുടങ്ങിയ റെസിഡൻഷ്യല്‍ മേഖലകള്‍ ഈ മെട്രോ സ്റ്റേഷന് വളരെ അടുത്താണെങ്കിലും യാത്രക്കാരുടെ ദുരിതം ഒഴിയുന്നില്ല. പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ഈ ഭാഗത്ത് തിരക്ക് കൂടുകയും സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും.അതേസമയം പിങ്ക് ലൈൻ പൂർണ്ണമായി സജ്ജമാകുന്നതോടെ മജസ്റ്റിക്, ആർവി റോഡ് എന്നിവയ്ക്ക് ശേഷം ബെംഗളൂരുവിലെ മൂന്നാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി ജയദേവ മാറും എന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. ഇവിടെ നിന്നും പിങ്ക്, യെല്ലോ ലൈനുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തില്‍ പോകാൻ സാധിക്കും.