ബെംഗളൂരു : മഴക്കെടുതിക്കും അഴിമതി, കൈക്കൂലി ആരോപണങ്ങൾക്കുമിടെ നിയമസഭാ, നിയമനിർമാണ കൗൺസിൽ വർഷ കാല സമ്മേളനത്തിനു ഇന്നു തുടക്കമാകും. കഴിഞ്ഞ ഒരാഴ്ചയായി വെള്ളക്കെട്ട് ദുരിതത്തിൽ സ്തംഭിച്ച ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളുയർത്തി ബൊമ്മെ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചേക്കും.ബ്രാൻഡ് ബെംഗളൂരുവിന്റെ വികസന പ്രതിഛായയ്ക്ക് തന്നെയാണു മഴദുരിതം കളങ്കം ചാർത്തിയത്.
ബിജെപി സർക്കാർരിന്റെ ദുഷ്ഭരണം പുറത്തുകൊണ്ടുവരാനായി വെള്ളക്കെട്ടിനെയും നഗരനിരത്തുകളിലെ അപകടക്കുഴികളെയും കുറിച്ച് ധവള പത്രം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്. അടുത്ത മാർച്ച്- ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികൾ പ്രചാരണക്കളം ഒരുക്കുന്നതിനിടെ, പ്രാധാന്യമേറെയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കു കൂടി 23 വരെ നടക്കുന്ന സമ്മേളനം വേദിയാകും.
ഒഴിയാബാധയായി അഴിമതി ആരോപണം
40% കമ്മിഷൻ വിവാദം സജിവമാക്കുന്നതിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാൻ കരാറുകാരുടെ സംഘടന തയാറെടുക്കുന്നതിനിടെ ഹോർട്ടികൾചർ മന്ത്രി എൻ. മുനിരത്തയ്ക്കെതിരെ കഴിഞ്ഞ ദിവസം സമാന ആരോപണം ഉയർന്നിരുന്നു. കോലാറിലെ വിവിധ കരാറുകാരിൽ നിന്നു കൈക്കൂലി പിരിച്ചെടുക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നാണ് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ആരോപണം.
സിബിഎസ്ഇ, ഐസിഎഇ സ്കൂളുകളുടെ അംഗീകാരം പുതുക്കുന്നതിനും എൻഒസി സർട്ടിഫിക്കറ്റിനും മറ്റുമായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷും വകുപ്പ് ഉദ്യോഗസ്ഥരും വ്യാപകമായി കൈക്കൂലി ആവശ്യപ്പെടുന്നതായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ സംഘടനയും പരാതിയുമായി രംഗത്തുണ്ട്.
പുതിയ ചെയർമാനെ തിരഞ്ഞെടുത്തേക്കും
നിയമനിർമാണ കൗൺസിൽ പുതിയ ചെയർമാനെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തേക്കും. നിലവിൽ പ്രോടേം ചെയർമാൻ രഘുനാഥ് റാവുമൽ കാപുരെയാണു കൗൺസിൽ നടപടികൾ നിയന്ത്രിക്കുന്നത്. ചെയർമാനായിരുന്ന ബസവരാജ് ഹൊറട്ടി ദളിൽ നിന്നു ബിജെപിയിലേക്കു കൂറുമാറിയതോടെയാണ് ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്. ബിജെപി ടിക്കറ്റിൽ വീണ്ടും ഹൊറട്ടി എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.