മംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരെ പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ജൂലൈ 26ന് ഭാരതീയ യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടറു(32) കൊല്ലപ്പെട്ട സംഭവം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ (പിഎഫ്ഐ) ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).ദക്ഷിണ കന്നട, കുടക്, മൈസൂറു ജില്ലകളിലെ 33 കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഏജന്‍സി അവകാശപ്പെട്ടു.
ഡിജിറ്റല്‍ ഡിവൈസുകള്‍, ഉപയോഗിച്ച വെടിമരുന്ന്, മികച്ച ആയുധങ്ങള്‍, പണം, കുറ്റം ചുമത്താവുന്ന രേഖകള്‍, ലഘുലേഖകള്‍, സാഹിത്യങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത 10 പേരില്‍ മുഖ്യ പ്രതികള്‍ എന്ന് കരുതുന്ന മുഹമ്മദ് ശിയാബുദ്ദീന്(32), നൗഫല്‍ (28), സൈനുല്‍ ആബിദ് (22), റിയാസ്(27), അബ്ദുല്‍ ബശീര്‍ (29), എന്നിവരെ എന്‍ഐഎക്ക് കൈമാറിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പിന്തുടര്ന്നാണ് കര്‍ണാടക പൊലീസ് സഹായത്തോടെ റെയ്ഡുകള്‍ നടത്തിയതെന്ന് എന്‍ഐഎ അവകാശപ്പെട്ടു.
ബെല്ലാരെ പൊലീസ് സ്റ്റേഷന് പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുന്ന കാസര്‍കോട് സ്വദേശി മസൂദ് (18) കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രവീണിനെ അദ്ദേഹം തന്റെ കോഴിക്കട അടക്കുന്നതിനിടെ ബൈകില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്. ജൂലെ 28ന് സൂറത്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മുഹമ്മദ് ഫാസില്‍ (23) വെട്ടേറ്റ് മരിച്ചിരുന്നു. പ്രവീണ്‍ വധം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് എന്‍ഐഎയുടെ നിരീക്ഷണം.
മസൂദ്, ഫാസില്‍ കൊലക്കേസുകള്‍ കര്‍ണാടക പൊലീസാണ് അന്വേഷിക്കുന്നത്. പ്രവീണ്‍ വധക്കേസ് അന്വേഷണം കഴിഞ്ഞ മാസം നാലിന് സര്‍കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നു.ഒരേ ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടെങ്കിലും പ്രവീണിന്റെ വീട്ടില്‍ മാത്രമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ സന്ദര്‍ശിക്കുകയും 25 ലക്ഷം രൂപ കുടുംബത്തിന് സര്‍കാര്‍ നല്‍കുകയും ചെയ്തത്. മറ്റു രണ്ട് കുടുംബങ്ങള്‍ക്ക് സര്‍കാര്‍ സഹായം നല്‍കുകയോ മുഖ്യമന്ത്രി സന്ദര്‍ശിക്കും എന്ന വാഗ്ദാനം പാലിക്കുകയോ ചെയ്തിട്ടില്ല.