Home Featured ‘വരാന്തയില്‍ വച്ചുതന്നെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു, “ഒരു കൈകൊണ്ട് മാറിടം മൂടി മറുകൈ കൊണ്ട് പരീക്ഷ എഴുതി”പരീക്ഷാഹാളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി’; പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

‘വരാന്തയില്‍ വച്ചുതന്നെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു, “ഒരു കൈകൊണ്ട് മാറിടം മൂടി മറുകൈ കൊണ്ട് പരീക്ഷ എഴുതി”പരീക്ഷാഹാളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി’; പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

കൊല്ലം : നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍. പ്രവേശന കവാടത്തിനടുത്തുവച്ചാണ് പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പരിശോധന. തിരുവനന്തപുരത്തെ പരീക്ഷ നടത്തിപ്പ് ഏജന്‍സി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പരിശോധന. സ്ത്രീകളാണ് പരിശോധന നടത്തിയത്.ഇവര്‍ അധ്യാപകരാണോ എന്നറിയില്ലെന്നും വിദ്യാര്‍ഥിനികള്‍.

ബ്രേസിയര്‍ ധരിക്കാതെ ഷാള്‍ ഇടാതെ ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുന്ന് പരീക്ഷ എഴുതുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്താകും?

ഒരു ഉത്തരം തെറ്റിയാല്‍ നൂറുകണക്കിന് റാങ്ക് പിന്തള്ളപ്പെട്ടു പോകുന്ന നീറ്റ് പരീക്ഷ എന്ത് മാനസികാവസ്ഥയില്‍ ആകും അവര്‍ എഴുതിയിട്ടുണ്ടാവുക? മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ഒടുവില്‍ പരീക്ഷ ഹാളിലേക്കെത്തിയ അവര്‍ മാനസിക പിരിമുറക്കത്തില്‍പ്പെട്ട് സ്വന്തം ഭാവി നിര്‍ണയിക്കുന്ന ആ പരീക്ഷ എഴുതിതീര്‍ത്തത് എങ്ങനെയാകും? പഠിച്ചകാര്യങ്ങള്‍ ഒരുവട്ടംകൂടി ഓര്‍മിച്ചെടുത്ത് മനസിനെ ശാന്തമാക്കി പരീക്ഷഹാളിലേക്ക് എത്തിയ പെണ്‍കുട്ടികളോടാണ് പരിശോധന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരി ചോദിച്ചു ‘ഭാവിയാണോ, അടിവസ്ത്രമാണോ വലുത്’?

കൊല്ലം ജില്ലയിലെ ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലാണ് അടിവസ്ത്രം ഇല്ലാതെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടിവന്നത്. പരീക്ഷയിലെ ഡ്രസ് കോഡിന്റെ പേരില്‍ എന്റെ മകളെപ്പോലെ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടാതിരിക്കാനാണ് പൊലീസ് പരാതിപ്പെടുന്നതെന്ന് പൊലീസില്‍ പരാതിപ്പെട്ട ശൂരനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. “12 മണിയോട് കൂടി പരീക്ഷാ കേന്ദ്രമായ ആയൂര്‍ കോളജിലെത്തി

. മകളെ പരീക്ഷാ സെന്ററിലേക്ക് കയറ്റിവിട്ടു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയപ്പോഴാണ് അടിവസ്ത്രത്തില്‍ നിന്ന് മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ് ശബ്ദം കേള്‍ക്കുന്നത് . ഉടന്‍തന്നെ അടിവസ്ത്രം അഴിച്ചുമാറ്റണമെന്ന് പരിശോധന ചുമതലയിലുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മാനസികമായി തകര്‍ക്കുന്ന വാക്കുകള്‍ അവര്‍ പറഞ്ഞു. പുറത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍ അപ്പോള്‍ . മറ്റൊരു ഉദ്യോഗസ്ഥന്‍ ഇറങ്ങിവന്ന് ഞങ്ങളുടെ കയ്യില്‍ നിന്ന് ഒരു ഷാള്‍ വാങ്ങിക്കൊണ്ടുപോയി. പരീക്ഷ കഴിഞ്ഞ് മകള്‍ ഇറങ്ങിവന്നപ്പോള്‍ ആണ് സംഭവം അറിഞ്ഞതെന്നും” അദ്ദേഹം പറഞ്ഞു.

തികച്ചുപ്രാകൃതമായ സംഭവം ആണ് നടന്നതെന്ന് വനിതാകമ്മീഷനംഗം ഷാഹിദ കമാലും പറഞ്ഞു. “പരാതി നല്‍കിയ പെണ്‍കുട്ടികളുമായി സംസാരിച്ചു. ഒരു കൈ കൊണ്ട് മാറിടം മറച്ച്‌ മറുകൈകൊണ്ട് പേന പിടിക്കുമ്ബോള്‍ എങ്ങനെയാണ് എനിക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിയുക എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്. പെണ്‍കുട്ടികളുടെ അന്തസിനെയും അഭിമാനത്തെയും ഹനിക്കുന്ന പ്രവര്‍ത്തിയാണ് ഉണ്ടായത്. ശാരീരിക അതിക്രമവും മനുഷ്യാവകാശ ലംഘനവുമാണ് നടന്നതെന്ന്” ഷാഹിദ കമാല്‍ പറഞ്ഞു. പരീക്ഷാനടത്തിപ്പ് ഏല്‍പ്പിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടതാണ്. മാനദണ്ഡങ്ങളെക്കുറിച്ച്‌ ബോധമില്ലാത്തതും ആരെയെങ്കിലും ഒക്കെ പിടിച്ച്‌ പരിശോധനയ്ക്ക് നിയോഗിക്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.

മാലയോ തൊപ്പിയോ ചെരിപ്പോ ഊരിവാങ്ങുന്നത് പോലെയല്ല പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ചുവാങ്ങുന്നത് . അതുണ്ടാക്കുന്ന കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആ പെണ്‍കുട്ടികള്‍ എങ്ങനെ പരീക്ഷ എഴുതിയിരിക്കാമെന്ന് ഐഎംഎ പ്രതിനിധി ഡോ. സുല്‍ഫി നൂഹ് ചോദിച്ചു. ” ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരുമിനിട്ടില്‍ താഴെ മാത്രം സമയമേ ലഭിക്കൂ. പരീക്ഷസമ്മര്‍ദത്തിന് പുറമെ അടിവസ്ത്രമില്ലാതെ ഇരിക്കുകമ്ബോള്‍ ഉണ്ടാകുന്ന സമ്മര്‍ദവും കൂടി അത് പരീക്ഷ ഫലത്തെ ബാധിക്കും. കോപ്പിയടി തടയാന്‍ എങ്കില്‍ മൊബൈല്‍ ജാമറുകള്‍ പോലെയുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടതെന്ന് ഡോ. സുല്‍ഫി നൂഹ് അഭിപ്രായപ്പെട്ടു.

പരിശോധനകള്‍ വേണം. എന്നാല്‍ അതിനൊരു മനുഷ്യത്വം വേണ്ടെ എന്നാണ് ഡോ. സൗമ്യ സരിന്‍ ചോദിക്കുന്നത് . “ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുത്. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള കാര്യങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ടത്. മെറ്റല്‍ ഡിറ്റക്ടര്‍, മൊബൈല്‍ ജാമറുകള്‍ ഒക്കെ ഉപയോഗിച്ച്‌ പരിശോധന നടത്താമായിരുന്നു. അടിവസ്ത്രം അഴിച്ചുവാങ്ങിക്കേണ്ട ആവശ്യമില്ലായിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന്” ഡോ. സൗമ്യ സരിന്‍ പറഞ്ഞു.

പരീക്ഷ നടത്തിപ്പിനുള്ള സൗകര്യം മാത്രമാണ് ഒരുക്കി നല്‍കിയത് എന്നാണ് വിഷയത്തില്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. വിദ്യാര്‍ഥികളുടെ ബയോമെട്രിക് പരിശോധനയും മറ്റും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നടത്തിയത്. ഇതില്‍ കോളജിന് യാതൊരു പങ്കും ഇല്ല. ക്ലാസ് മുറികളും ഇന്‍വിജിലേറ്റേഴ്സിനെയും മാത്രമാണ് കോളജ് നല്‍കിയിട്ടുള്ളത്. കോളജിനോ കോളജിലെ അധ്യാപകര്‍ക്കോ ഇതില്‍ യാതൊരു പങ്കും ഇല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

പരീക്ഷയ്ക്ക് എത്തുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നാഷണല്‍ ടെസ്റ്റിങ് അതോറിറ്റിയുടെ കൃത്യമായ നിര്‍ദേശമുണ്ട്. ഇതില്‍ അടിവസ്ത്ര പരിശോധനയെക്കുറിച്ച്‌ പറയുന്നില്ല. ഇതേ വിദ്യാഭ്യാസസ്ഥാപനത്തില്‍ പരീക്ഷയ്ക്ക് എത്തിയ 90 ശതമാനം പെണ്‍കുട്ടികളെയും അടിവസ്ത്രം ഇല്ലാതെയാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്.

കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. കാമ്ബസിനുള്ളിലെ വരാന്തയില്‍ വച്ച്‌ തന്നെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു. സ്ത്രീകളാണ് പരിശോധന നടത്തിയത്. ഇവര്‍ അധ്യാപകരാണോ എന്നറിയില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

പരീക്ഷ എഴുതിയത് മാനസിക ബുദ്ധിമുട്ടിലാണെന്നും, മുടി മുന്നിലേക്ക് ഇട്ടായിരുന്നു പരീക്ഷയില്‍ തുടര്‍ന്നതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.’വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടന്‍ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്‌കാന്‍ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവര്‍ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ ക്യൂവിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല.നീറ്റ് പരീക്ഷ നടത്തിപ്പില്‍ പരാതിയുമായി വിദ്യാര്‍ഥിനി

പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവര്‍ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാന്‍ മുറിയില്‍ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതിനകത്ത് ഒരു മേശ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതില്‍ കൂട്ടിക്കുഴച്ചിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്ബോള്‍ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു’ – വിദ്യാര്‍ഥിനി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്ബോള്‍ അടിവസ്ത്രം എടുക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ മുറിയില്‍ ഇടിച്ചുകയറി. അതിനാല്‍ അവിടെ നിന്നും വസ്ത്രം മാറേണ്ട, കൈയില്‍ ചുരുട്ടിപ്പിടിച്ച്‌ കൊണ്ടുപോയാല്‍ മതി എന്ന നിര്‍ദേശം നല്‍കി. എന്നാലും കുട്ടികള്‍ മുറിയില്‍ നിന്ന് അടിവസ്ത്രം ധരിച്ചിട്ടാണ് പോയത്.

ഇരുട്ടുമുറിയായിരുന്നു. കുട്ടികള്‍ എല്ലാം കൂടിനില്‍ക്കുന്നത് കൊണ്ട് വസ്ത്രം മാറാന്‍ മുറിയില്‍ സ്ഥലം പോലും ഉണ്ടായിരുന്നില്ല. പരീക്ഷാഹാളില്‍ ഷാള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് കൊണ്ട് മുടി മുന്‍പിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയത്. അടിവസ്ത്രം ഇടാന്‍ സമ്മതിക്കാതിരുന്നതിന് പുറമെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരീക്ഷ ഹാളില്‍ ഒരുമിച്ചാണ് ഇരുത്തിയിരുന്നതെന്നും വിദ്യാര്‍ഥിനി പറയുന്നു.

പത്ത് പേരടങ്ങിയ സംഘമാണ് മാര്‍ത്തോമ കോളജിലെ പരീക്ഷ നിയന്ത്രിച്ചത്. മുന്‍ പരിചയമില്ലാത്തവരാണ് ഇവരെന്നും പൊലീസ് പറയുന്നു. വിദ്യാര്‍ഥിനികള്‍ അവഹേളിച്ചവരെ തിരിച്ചറിയുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.

എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. പരീക്ഷ സമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ്കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group