ബെംഗളൂരു: ശരിയായ പഠന ആപ്പ് നല്‍കാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. വിദ്യാര്‍ത്ഥി മുന്‍കൂറായ അടച്ച 99,000 രൂപയാണ് ബൈജൂസ് തിരിച്ചുനല്‍കേണ്ടത്.
കമ്ബനി തനിക്ക് ശരിയായ പഠന ആപ്പ് നല്‍കിയില്ല, വാഗ്ദാനം ചെയ്തതിനേക്കാള്‍ വില കുറഞ്ഞ ടാബാണ് നല്‍കിയത് എന്നിവയായിരുന്നു മധുസൂദന ബി എന്ന വിദ്യാര്‍ത്ഥിയുടെ പരാതികള്‍. അഡീഷണല്‍ ഡിസ്ട്രിക്റ്റ് കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര ഫോറത്തെയാണ് സമീപിച്ചത്. കമ്ബനിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥനാണ് ബൈജൂസ് ലേണിങ് ആപ്പ് വാങ്ങാന്‍ തന്നെ സമീപിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കമ്ബനിക്ക് അടയ്ക്കാനുള്ള തുക തുല്യമാസ തവണകളായി മാറ്റുമെന്ന് ഉറപ്പുനല്‍കിയിരുന്നു. 25,000 രൂപ വില മതിക്കുന്ന രണ്ട് സാംസങ് ടാബുകള്‍ നല്‍കുമെന്നും കമ്ബനി വാഗ്ദാനം ചെയ്തു.
എന്നാല്‍, 10,000 രൂപ മാത്രം വിലയുള്ള ലെനോവോ എം 8 ഉം, എം 10 മാണ് കമ്ബനി തനിക്ക് നല്‍കിയത്. ബൈജൂസ് പഠന ആപ്പിലും സംതൃപ്തി കിട്ടിയില്ല. ഇതോടെ, വിദ്യാര്‍ത്ഥി താനടച്ച മുഴുവന്‍ തുകയും ക്രഡിറ്റ് കാര്‍ഡിലേക്ക് നേരിട്ട് തിരിച്ചടയ്ക്കണമെന്ന് കമ്ബനിയോട് ആവശ്യപ്പെട്ടു. കമ്ബനിയുടെ മോശം സര്‍വീസും പെരുമാറ്റവും കാരണം തനിക്ക് വളരെയധികം മാനസിക ക്ലേശം അനുഭവിക്കേണ്ടി വന്നുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ ബോധിപ്പിച്ചു.
ബൈജൂസ് ലേണിങ് ആപ്പിന് വേണ്ടി ടിങ്ക് ആന്‍ഡ് ലേണ്‍ പൈവറ്റ് ലിമിറ്റഡാണ് ആപ് നല്‍കിയത്. ഇവരാണ് വിദ്യാര്‍ത്ഥിക്ക് പണം തിരിച്ചുനല്‍കേണ്ടതെന്ന് എച് ആര് ശ്രീനിവാസ് അദ്ധ്യക്ഷനായ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവില്‍ പറയുന്നു. എതിര്‍കക്ഷിയെ പ്രതിനീധികരിക്കുന്ന കമ്ബനിയായ ടിങ്ക് ആന്‍ഡ് ലേണ്‍, ആപ്പ് തൃപ്തികരമല്ലെങ്കില്‍, ഒരുകിഴിവും കൂടാതെ തുക മുഴുവന്‍ തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
അതേസമയം, കമ്ബനിയുടെ പ്രതിനിധി ഫോറത്തില്‍ ഹാജരാകാതിരുന്നതുകൊണ്ട് എക്സ്പാര്‍ട്ടി വിധിയാണ് ഉണ്ടായത്. പരാതിക്കാരന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കമ്ബനിക്ക് കഴിയാത്തതുകൊണ്ട് സേവനത്തിലെ പോരായ്മ തെളിയിക്കാന്‍ കഴിഞ്ഞുവെന്നും ഫോറം വിലയിരുത്തി. 12 ശതമാനം വാര്‍ഷിക പലിശയോടെ മുഴുവന്‍ ഫീസും പരാതിക്കാരന് കമ്ബനി തിരിച്ചുകൊടുക്കണമെന്നാണ് ഫോറത്തിന്റെ ഉത്തരവ്. ഇതുകൂടാതെ 25,000 രൂപ നഷ്ടപരിഹാരവും, 5000 രൂപ കോടതി ചെലവായും കമ്ബനി നല്‍കണം. തുക തിരിച്ചുകിട്ടിയാല്‍, പരാതിക്കാരനായ വിദ്യാര്‍ത്ഥി ടാബുകള്‍ തിരിച്ചുനല്‍കണമെന്നും കര്‍ണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

ബൈജൂസിന് എതിരായ ബിബിസി റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷാവസാനം ബൈജൂസിന്റെ സേവനങ്ങളിലെ പോരായ്മകളെ കുറിച്ച് ബിബിസി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈജൂസ് മാത്രമല്ല എഡ് ടെക് മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ ബിസിനസ് കറസ്പോണ്ടന്റ് നിഖില്‍ ഇനാംദാറിന്റെ റിപ്പോര്‍ട്ട്്. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കുന്നില്ല, പണം തിരിച്ചുനല്‍കുന്നില്ല എന്നിവയായിരുന്നു രക്ഷിതാക്കളുടെ മുഖ്യപരാതികള്‍.
ദിഗംബര്‍ സിങ് എന്ന അക്കൗണ്ടന്റിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ഓണ്‍ലൈന്‍ ട്യൂഷന് വേണ്ടി ദിഗംബര്‍ സിങ് ബൈജൂസിന് ആദ്യം കൊടുത്തത് 5000 രൂപ. പിന്നീട് ബൈജൂസിന്റെ സഹായത്തോടെ 35,000 രൂപ ലോണെടുത്തു. മകന് വേണ്ടി രണ്ടുവര്‍ഷത്തെ മാത്സ്-സയന്‍സ് പ്രോഗാം. ആദ്യം തന്നെ ബൈജൂസിന്റെ സെയില്‍സ് പ്രതിനിധി വീട്ടില്‍ വന്ന് മകനോട് ഉത്തരം പറയാന്‍ വിഷമമുള്ള ചോദ്യങ്ങള്‍ എല്ലാം ചോദിച്ച് അവന്റെ ഉത്സാഹം കെടുത്തി കളഞ്ഞു. എന്നാല്‍, പ്രശനം അതല്ല. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ കിട്ടിയില്ല. മുഖാമുഖമുള്ള കോച്ചിങ്, മകന്റെ പഠന പുരോഗതി കൃത്യമായി വിളിച്ച് അറിയിക്കുന്ന കൗണ്‍സിലറുടെ സേവനം ഇതൊന്നു കിട്ടിയില്ല. ആദ്യ കുറെ മാസത്തിന് ശേഷം ബൈജൂസ് ഫോണ്‍കോളുകള്‍ക്ക് മറുപടി നല്കാതായി.

എന്നാല്‍ ബൈജൂസ് ആരോപണങ്ങള്‍ നിഷേധിക്കുന്നു. ഫോളോ അപ്പ് കാലത്ത് പല തവണ ദിഗംബര്‍ സിങ്ങിനോട് സംസാരിച്ചിരുന്നു. ഏതുസമയത്തും സേവനങ്ങള്‍ക്ക് റീഫണ്ട് നല്കുന്ന നയമുണ്ടെന്നും കമ്ബനി പറയുന്നു. തങ്ങളുടെ ഉത്പന്നം കൈപ്പറ്റി രണ്ടുമാസത്തിന് ശേഷമാണ് ദിഗംബര്‍ സിങ് റീഫണ്ട് ചോദിച്ചതെന്നും കമ്ബനി വിശദീകരിക്കുന്നു. 15 ദിവസ റീഫണ്ട് കാലാവധിയാണ് ബൈജൂസിന് ഉള്ളത്. ഏതായാലും പിന്നീട് ദിഗംബര്‍ സിങ്ങിന് റീഫണ്ട് കിട്ടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിഗംബര്‍ സിങ്ങിന് മാത്രമല്ല പരാതി
സേവനത്തിലെ പോരായ്മ-ഉദാഹരണത്തിന് ഒരുകുട്ടിക്ക് ഒരു ട്യൂട്ടറും, പുരോഗതി വിലയിരുത്താന്‍ മെന്ററും-പലപ്പോഴും നടപ്പായില്ലെന്ന് പല രക്ഷിതാക്കളും പരാതിപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു വ്യത്യസ്തമായ കേസുകളില്‍ ബൈജൂസിന് ഉപഭോക്തൃ കോടതികളില്‍ പിഴ അടയ്ക്കേണ്ടിയും വന്നു.
സെയില്‍സ് ഏജന്റുമാര്‍ കബളിപ്പിക്കുന്നു
കച്ചവടം നടന്നാല്‍ പിന്നെ സെയില്‍സ് ഏജന്റുമാരുടെ പൊടിപോലും കാണില്ല എന്നതാണ് മറ്റൊരു പരാതി. കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം സെയില്‍സ് ഏജന്റുമാര്‍ മുങ്ങും. പിന്നെ റീഫണ്ട് കിട്ടാനും പിടിപ്പത് പണിയാണ്. കച്ചവടം നടന്നാല്‍ പിന്നീട് ഫോളോ അപ്പിന് ഏജന്റുമാര്‍ക്ക് താല്പര്യമില്ല.
ടാര്‍ജറ്റിനായി ഏജന്റുമാരുടെ നെട്ടോട്ടം
ബൈജൂസിലെ പല മുന്‍ ജീവനക്കാരും പറയുന്നത് സെയില്‍സ് ടാര്‍ജറ്റിനായുള്ള അതിസമ്മര്‍ദ്ദത്തെ കുറിച്ചാണ്. ടാര്‍ജറ്റ് നേടിയെടുക്കാനുള്ള ഓട്ടത്തില്‍ ഏജന്റുമാര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം കൂട്ടാന്‍ മാനേജര്‍മാരുണ്ട്. അതുകൊണ്ട് തന്നെ കമ്ബനിക്കെതിരെ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍, എംപ്ലോയീ ഫോറങ്ങളില്‍ നൂറുകണക്കിന് പരാതികളാണ്.
എന്നാല്‍, ബൈജൂസ് ഈ ആരോപണം നിഷേധിക്കുന്നു. തങ്ങളുടെ ഉത്പന്നത്തിന്റെ മൂല്യം, കുട്ടിയും രക്ഷിതാവും മനസ്സിലാക്കി വിശ്വാസം വന്നാല്‍ മാത്രമേ അവര്‍ അത് വാങ്ങുന്നുള്ളു എന്ന് കമ്ബനി പറയുന്നു. രക്ഷിതാക്കളോട് ജീവനക്കാര്‍ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്ന തൊഴില്‍ സംസ്കാരം തങ്ങള്‍ അനുവദിക്കാറില്ലെന്നും കമ്ബനി അവകാശപ്പെടുന്നു.
ഭീമമായ ടാര്‍ഗറ്റിലേക്കെത്താന്‍ വേണ്ടി ദിവസവും 12-മുതല്‍ 15 മണിക്കൂര്‍വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുന്‍ ജീവനക്കാര്‍ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തില്‍ വീഴാന്‍ സാധ്യതയുള്ള ഉപഭോക്താവുമായി 120 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ സംസാരിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ ഹാജരായില്ലെന്ന് രേഖപ്പെടുത്തും. അന്നേദിവസത്തെ ശമ്ബളം നല്‍കില്ലെന്നും മുന്‍ ജീവനക്കാര്‍ ബിബിസിയോട് വെളിപ്പെടുത്തി. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും കൃത്യമായ ടാര്‍ഗറ്റുകളുണ്ടാകും. തങ്ങളും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് ബൈജൂസ് ആപ്പ് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ പരിശീലനവും നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

പഠനസാമഗ്രികള്‍ മികച്ചതെന്ന് അഭിപ്രായം
ബിബിസി റിപ്പോര്‍ട്ട് പ്രകാരം ബൈജൂസിന്റെ പഠനസാമഗ്രികള്‍ ടെക്നോളജിയുടെ സഹായത്തോടെ ഉള്ള മികച്ച പഠനാനുഭവങ്ങളാണ്.എന്നാല്‍, കടുത്ത സെയില്‍സ് തന്ത്രങ്ങള്‍ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥയെ മുതലെടുത്തുകൊണ്ടാണെന്നും, അവരുടെ കടക്കെണി കൂട്ടുന്നുവെന്നും ചില വിദ്യാഭ്യാസ വിദഗ്ദ്ധര്‍ വിലയിരുത്തുന്നതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസ് ഉത്പ്പന്നം വാങ്ങിയില്ലെങ്കില്‍ കുട്ടികള്‍ പിന്നോക്കം പോകും എന്ന തരത്തിലുള്ള അഗ്രസീവ് സെയില്‍സ് തന്ത്രങ്ങളും പരാതിക്ക് ഇടയാക്കുന്നു. ഉത്പ്പന്നം വാങ്ങിപ്പിക്കാന്‍ രക്ഷിതാക്കളെ നിരന്തരം വിളിക്കുന്നതും തന്ത്രങ്ങളില്‍ പെടുന്നു.
2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന് സക്കന്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്ബനികളായ ടിഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്
ബൈജൂസിന് മാത്രമല്ല ഈ പ്രശ്നം
രക്ഷിതാക്കളുടെ പരാതികള്‍ ഏറുന്നെങ്കിലും, ഇത് ബൈജൂസിന്റെ മാത്രം പ്രശ്നമായി പലരും കാണുന്നില്ല. എഡ് ടെക് മേഖലയാകെ ഈ പ്രശ്നമുണ്ടെന്ന് വിദഗധര്‍ പറയുന്നു. വിമര്‍ശനങ്ങള്‍ ഏറുന്നെങ്കിലും കാര്യമായ മാറ്റങ്ങള്‍ വരുന്നതുമില്ല. പരാതികളില്‍ ചിലത് ശ്രദ്ധ നേടുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ പോന്നതാകുന്നില്ല. എന്നാല്‍, എഡ് ടെക് രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.