ബംഗളൂരു: കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹലാല്‍ ഉല്‍പന്ന ബഹിഷ്കരണ കാമ്ബയിന്‍റെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ഹൈകോടതിയില്‍ ഹരജി.മുസ്ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ടും മാണ്ഡ്യ സ്വദേശിയാണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ഹരജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു.ഹരജി പിന്നീട് പരിഗണിക്കും. ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്ബയിനിടെ ശിവമൊഗ്ഗയില്‍ അക്രമ സംഭവങ്ങളുണ്ടായി. ശിവമൊഗ്ഗയിലെ ജനത ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നയാളെ മര്‍ദിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വി.എച്ച്.പി, ബജ് രംഗ് ദള്‍ പ്രവര്‍ത്തകരാണ് പിടിയിലായത്. ഹലാല്‍ ഇറച്ചി കഴിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ശിവമൊഗ്ഗയിലെ കോഴിക്കടയിലെ ജീവനക്കാരനെയും പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.
സമാധാനപരമായി ഉഗാദി ആഘോഷിക്കുന്നതിന് ക്രമസമാധാനം ഉറപ്പാക്കാന്‍ ജില്ല ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും ജില്ല പൊലീസ് മേധാവികള്‍ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശം നല്‍കി. ഇതിനിടെ ഹലാല്‍ വിവാദത്തിന്‍റെ ചുവട് പിടിച്ച് മാംസത്തിനായി മൃഗങ്ങളെ അറുക്കുന്നതിന് മുമ്ബ് ബോധം കെടുത്തണമെന്ന് വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിറക്കിയ ഉത്തരവും വിവാദമായി.ഹലാല്‍ രീതിയില്‍ അല്ലാതെ കോഴികളെയും ആടുകളെയും പോത്തുകളെയും ബോധം കെടുത്തിയശേഷം മാത്രമെ അറുക്കാന്‍ പാടുകയുള്ളുവെന്നാണ് ഉത്തരവ്. ബംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ വ്യാപാരികള്‍ക്കായാണ് ഇത്തരമൊരു ഉത്തരവിറക്കിയത്.
ഹലാല്‍ ഇറച്ചിയുടെ വില്‍പന ഉള്‍പ്പെടെ തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് ആരോപണം. അതേസമയം, ഇത്തരമൊരു ഉത്തരവിറക്കിയിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍റെ വിശദീകരണം.വിവാദം തുടരുന്നതിനിടെ മുസ് ലിം കച്ചവടക്കാര്‍ക്കെതിരായ ബഹിഷ്കരണത്തെയും ഹലാല്‍ വിവാദത്തെയും അപലപിച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഏപ്രില്‍ രണ്ടിലെ കര്‍ണാടക ഉഗാദി ആഘോഷത്തിനുശേഷമുള്ള ദിവസങ്ങളില്‍ മാംസാഹാരം കഴിക്കുന്ന പതിവുണ്ട്.
ഈ ദിവസത്തില്‍ ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് ഹിന്ദുത്വ സംഘടനകള്‍ ശക്തമാക്കുന്നത്. ഹലാല്‍ മാംസത്തിനുപകരം വിവിധ ജില്ലകളില്‍ ഹലാല്‍ രഹിത മാംസക്കടകളും തുറന്നിട്ടുണ്ട്.