ബെംഗളൂരു: ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. ജാമ്യക്കാര്‍ പിന്മാറിയതോടെയാണ് ബിനീഷ് ജയിലില്‍ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകുകയായിരുന്നു.
ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരന്‍ ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ വരികയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു.
ജാമ്യം വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. അതിനാല്‍ ബിനീഷ് ഇന്ന് ജയില്‍ മോചിതനാവില്ല എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ ശനിയാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാന്‍ കഴിയൂ. ശനിയാഴ്ച ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.