ബഹിരാകാശത്ത് പുതിയ ബിസിനസ് ലക്ഷ്യങ്ങളുമായി ലോക കോടീശ്വരന്‍ ജെഫ് ബെസോസ് (Jeff Bezos). ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ബഹിരാകാശ വിമാന കമ്ബനിയായ ബ്ലൂ ഒറിജിന്‍ (Blue Origin), സിയറ നെവാഡ കോര്‍പ്പറേഷന്റെ ഭാഗമായ സിയറ സ്‌പേസ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഓര്‍ബിറ്റല്‍ റീഫ് (Orbital Reef) എന്ന വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2025 ന് ശേഷം, ബഹിരാകാശത്ത് ‘ബിസിനസ് പാര്‍ക്ക്’ (Business Park) എന്ന തരത്തില്‍ ഒരു ബഹിരാകാശ നിലയം ആരംഭിക്കാനാണ് കമ്ബനികള്‍ ലക്ഷ്യമിടുന്നത്.
എന്താണ് ഓര്‍ബിറ്റല്‍ റീഫ്?
ബ്ലൂ ഒറിജിന്റെ പദ്ധതികള്‍ അനുസരിച്ച്, ഈ ഓര്‍ബിറ്റല്‍ റീഫ് ബഹിരാകാശ നിലയം ബഹിരാകാശത്ത് ഒരു “മിക്സഡ് യൂസ് ബിസിനസ് പാര്‍ക്ക്” ആയി പ്രവര്‍ത്തിക്കും. സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ബഹിരാകാശത്ത് പുതിയ വിപണികള്‍ തുറക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇത് വാഗ്ദാനം ചെയ്യും.
സിയറ നെവാഡ കോര്‍പ്പറേഷന്റെ സ്പേസ് ഫ്ലൈറ്റ് വിഭാഗമായ സിയറ സ്‌പേസിന്റെയും ബോയിംഗിന്റെയും പങ്കാളിത്തത്തോടെ ഓര്‍ബിറ്റല്‍ റീഫ് ബഹിരാകാശ നിലയം നിര്‍മ്മിക്കാനാണ് ബ്ലൂ ഒറിജിന്‍ ലക്ഷ്യമിടുന്നത്. റെഡ്‌വയര്‍ സ്‌പേസ്, ജെനസിസ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുടെ പിന്തുണയും ഈ സംരംഭത്തിന് ലഭിക്കും.
“സീസണ്‍ഡ് ബഹിരാകാശ ഏജന്‍സികള്‍, ഹൈടെക് കണ്‍സോര്‍ഷ്യം, മാധ്യമങ്ങള്‍, ട്രാവല്‍ കമ്ബനികള്‍, സംരംഭകര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഓര്‍ബിറ്റല്‍ റീഫില്‍ ഇടം ലഭിക്കുമെന്ന്” കമ്ബനികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബഹിരാകാശ നേട്ടങ്ങളുടെ പുതിയ അധ്യായം
പുതിയ സ്വകാര്യ ബഹിരാകാശ നിലയത്തിന്റെ പ്രഖ്യാപനം നിലവിലുള്ള ‘ബഹിരാകാശ വിനോദസഞ്ചാര’ പാതയുടെ സ്വാഭാവികമായ ഒരു വളര്‍ച്ചയായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ഉള്‍പ്പെടെ ഒന്നിലധികം സ്വകാര്യ ബഹിരാകാശ ഏജന്‍സികള്‍ ഈ വര്‍ഷം ബഹിരാകാശത്തേക്ക് വിനോദസഞ്ചാര യാത്രകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുമ്ബോള്‍ ഈ മേഖലയിലെ ബിസിനസ്സ് കൂടുതല്‍ വളരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
“ഭാവിയിലെ പുതിയ ആവാസവ്യവസ്ഥയുടെയും ബിസിനസ്സ് മോഡലിന്റെയും വളര്‍ച്ച സുഗമമാക്കിക്കൊണ്ട് സ്പേസ് സ്റ്റേഷനിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായമാകും തുറക്കുക,” ബ്ലൂ ഒറിജിന്‍ തിങ്കളാഴ്ച ഓര്‍ബിറ്റല്‍ റീഫിന്റെ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
ഏപ്രിലില്‍, സിയറ സ്‌പേസ് ആദ്യമായി പറക്കുന്ന വാണിജ്യ ബഹിരാകാശ നിലയം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ ബ്ലൂ ഒറിജിന്‍ വിജയകരമായ ഒരു ടൂറിസ്റ്റ് ബഹിരാകാശ യാത്ര നടത്തി. ജെഫ് ബെസോസും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് ഈ യാത്ര നടത്തിയത്. ഈ മാസം ആദ്യം 90 കാരനായ യുഎസ് നടന്‍ വില്യം ഷാറ്റ്നര്‍, ‘സ്റ്റാര്‍ ട്രെക്ക്’ ഫെയിം ക്യാപ്റ്റന്‍ ജെയിംസ് കിര്‍ക്ക് എന്നിവരെ കമ്ബനി ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.