ബെംഗളൂരു നമ്മ മെട്രോ നിരക്ക് ഉയർത്താൻ ഇപ്പോള്‍ പദ്ധതിയില്ലെന്ന് മന്ത്രി കൃഷ്ണ ഭൈര ഗൌഡ. അതേസമയം ഭാവിയില്‍ നിരക്ക് ഉയർത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.സാമ്പത്തികമായി മെട്രോ വരുമാനം മെച്ചപ്പെട്ടെങ്കിലും സ്വന്തം ലോണുകള്‍ തിരിച്ചടിയ്ക്കാനുള്ള സാമ്പത്തിക സ്ഥിരതയിലേക്ക് ബെംഗളൂരു മെട്രോ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.’ നിലവില്‍ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചന ഇല്ല. അതേസമയം കാലക്രമേണ ഇക്കാര്യത്തില്‍ പരിശോധന നടത്തേണ്ടതുണ്ട്. ഭാവിയില്‍ നിരക്ക് ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല’,അദ്ദേഹം പറഞ്ഞു. മെട്രോയ്ക്ക് സ്വന്തം ലോമുകള്‍ തിരിച്ചടക്കാനുള്ള സാമ്പത്തികശേഷി ഇപ്പോഴും ഇല്ല.
സർക്കാരാണ് സാമ്പത്തിക ബാധ്യത ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രവർത്തന നഷ്ടം നികത്താൻ സർക്കാർ മെട്രോയ്ക്ക് 1046 കോടി രൂപ ഗ്രാൻ്റ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെയാണ് അവർ ഇപ്പോള്‍ പ്രവർത്തിക്കുന്നത്. ഇനിയും 50 കോടി നല്‍കാനുണ്ട്. ഇതിനായി ബിഎംആർസിഎല്ലിനോട് ബില്ല് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സാമ്പത്തിക ബാധ്യത മെട്രോയ്ക്ക് തിരിച്ചടക്കാൻ സാധിക്കുമെന്ന് കരുതുന്നത് അസംഭവ്യമാണെന്നും മന്ത്രി പറഞ്ഞു.15 വർഷത്തിന് മുൻപാണ് ബെംഗളൂരു മെട്രോ ആരംഭിച്ചത്. മെട്രോയുടെ പല ആസ്തികളും യന്ത്ര സാമഗ്രികളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ‘സാധാരണ നിലയില്‍ കമ്പനികള്‍ ഒരു നിശ്ചിത ചെലവ് പഴയ സാമഗ്രികള്‍ മാറ്റി വാങ്ങുന്നതിനായി നീക്കി വെയ്ക്കും. എന്നാല്‍ എന്നാല്‍ അത്തരമൊരു ഫണ്ട് നിലവില്‍ ബിഎംആർസിഎല്ലിന് ഇല്ല. പഴയ ട്രെയിനുകളും മറ്റ് സാമഗ്രികളും മാറ്റി വാങ്ങുന്നതിനായി സർക്കാരാണ് ഫണ്ട് നല്‍കുന്നത്’ മന്ത്രി വിശദീകരിച്ചു.
സർജാപൂർ-ഹെബ്ബാള്‍ റെയില്‍ ഇടനാഴി സംബന്ധിച്ച ചോദ്യത്തിന് ബിഎംആർസിഎല്‍ ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ നിന്ന് കൂടിക്കാഴ്ചയ്ക്കായി വിളിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച ഇത് സംബന്ധിച്ച് യോഗം നടക്കുമെന്നും മന്ത്രി പറഞ്ഞു. ‘ യോഗത്തിലെ തീരുമാനം എന്താകും എന്നാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാരിനോടും പൂർണസഹകരണം ഞങ്ങള്‍ തേടിയിട്ടുണ്ട്. കാരണം ഈ മെട്രോ ഇടനാഴി ബെംഗളൂരിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്’,അദ്ദേഹം പറഞ്ഞു.സംസ്ഥാന കാബിനെറ്റ് അംഗീകരിച്ച പദ്ധതി നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ട് 22 മാസങ്ങള്‍ പിന്നിടുകയാണ്. ഈയൊരു അവസരത്തില്‍ പ്രതീക്ഷ നല്‍കുന്ന ഇടപെടലുകള്‍ കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല.
എന്നിരുന്നാലും വൈകാതെ തന്നെ അനുകൂല മറുടി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ ബെംഗളൂരിലെ ഏറ്റവും തിരക്കേറിയ ഇടനാഴിയാണിത്. ഡെബിള്‍ ഡെക്കറോട് കൂടിയ ഇടനാഴിയാണ് സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയില്‍ ഉള്ളത്. എല്ലാ മെട്രോകളിലും ഡബിള്‍ ഡെക്കർ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടില്ല. അത്തരമൊരു പാലത്തിൻ്റെ ആവശ്യം ഉള്ളിടങ്ങളില്‍ മാത്രം അനുവദിക്കണമെന്നതാണ് ആവശ്യം. ഭാവിയില്‍ സർജാപൂർ റോഡിനെ വൈറ്റ് ഫീല്‍ഡുമായി ബന്ധിപ്പിക്കേണ്ട ആവശ്യം വന്നാല്‍ ,ഒരു ഡബിള്‍ ഡെക്കർ ആ മുഴുവൻ ഭാഗത്തും ആവശ്യമായി വരില്ല. ആവശ്യത്തിന് അനുസരിച്ചുള്ള പരിഗണന ഉണ്ടാകണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം’, മന്ത്രി വിശദീകരിച്ചു.