Home കർണാടക 13 ബില്യൺ വർഷം പഴക്കമുള്ള ‘നക്ഷത്ര ഫോസിൽ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ആദ്യതലമുറ നക്ഷത്രങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം

13 ബില്യൺ വർഷം പഴക്കമുള്ള ‘നക്ഷത്ര ഫോസിൽ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ആദ്യതലമുറ നക്ഷത്രങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം

ബെംഗളൂരു: പ്രപഞ്ചത്തിലെ ആദ്യകാല തലമുറകളില്‍പ്പെട്ട നക്ഷത്രങ്ങളെക്കുറിച്ചുള്ള രാസപരമായ സൂചനകള്‍ ഉള്ളില്‍ സംരക്ഷിക്കുന്ന അപൂര്‍വ്വ പുരാതന നക്ഷത്രത്തെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.’HE 11530518′ എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രം പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രം പുനര്‍നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഒരു ‘നക്ഷത്ര ഫോസില്‍’ ആയാണ് പ്രവര്‍ത്തിക്കുന്നത്.മഹാവിസ്‌ഫോടനത്തിന് ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രപഞ്ചത്തിലെ ആദ്യ തലമുറ നക്ഷത്രങ്ങള്‍ രൂപം കൊണ്ടത്. ഈ ഭീമന്‍ നക്ഷത്രങ്ങള്‍ ഇന്ന് നിലവിലില്ലെങ്കിലും, സൂപ്പര്‍നോവ സ്‌ഫോടനങ്ങളിലൂടെ അവയുടെ അന്ത്യം സംഭവിക്കുന്നതിന് മുമ്പ് പ്രപഞ്ചത്തിലെ ആദിമ വാതകങ്ങളെ പുതുതായി രൂപപ്പെട്ട മൂലകങ്ങളാല്‍ അവ സമ്പുഷ്ടമാക്കിയിരുന്നു.

ഇത്തരത്തില്‍ സമ്പുഷ്ടമാക്കപ്പെട്ട വാതകങ്ങളില്‍ നിന്ന് രൂപം കൊണ്ട പുരാതനവും ലോഹാംശം കുറഞ്ഞതുമായ നക്ഷത്രങ്ങള്‍ ആ രാസഘടനയെ ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നു.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെയും അസമിലെ ദക്ഷിണ്‍ കാംരൂപ് കോളേജിലെയും ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്.ഹവായിയിലെ സുബാരു ദൂരദര്‍ശിനി ഉപയോഗിച്ച്‌ ശേഖരിച്ച ഉയര്‍ന്ന റെസല്യൂഷന്‍ സ്‌പെക്‌ട്രോസ്‌കോപ്പിക് വിവരങ്ങളും ഏറ്റവും പുതിയ ആസ്‌ട്രോമെട്രിക്, ഫോട്ടോമെട്രിക് വിവരങ്ങളും ഉപയോഗിച്ചാണ് സംഘം ‘HE 11530518’ എന്ന നക്ഷത്രത്തെക്കുറിച്ച്‌ പഠിച്ചത്.നക്ഷത്രത്തിന്റെ അന്തരീക്ഷ സവിശേഷതകളും രാസമൂലകങ്ങളുടെ അളവും നിര്‍ണ്ണയിച്ചതിലൂടെ അതിന്റെ പരിണാമ ഘട്ടത്തെയും മൂലകങ്ങള്‍ ഉത്പാദിപ്പിച്ച ആണവ പ്രക്രിയകളെയും കുറിച്ച്‌ അന്വേഷിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

കാര്‍ബണ്‍ അളവ് കൂടുതലുള്ളതും ലോഹാംശം കുറഞ്ഞതുമായ വിഭാഗത്തിലാണ് ഈ നക്ഷത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ബണ്‍ സമ്പുഷ്ടമാണെങ്കിലും ഭാരമേറിയ മൂലകങ്ങളുടെ അളവ് ഇവയില്‍ വളരെ കുറവായിരിക്കും. ഗാലക്‌സികളുടെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളെക്കുറിച്ച്‌ ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന അപൂര്‍വ്വ ഇനം നക്ഷത്ര ഫോസിലുകളാണിവ.സൂര്യനിലുള്ള ഇരുമ്പിന്റെ അളവിന്റെ ഏകദേശം ആയിരത്തിലൊന്ന് മാത്രമാണ് ഈ നക്ഷത്രത്തിലുള്ളത്. എങ്കിലും ഇതില്‍ കാര്‍ബണും സോഡിയവും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ന്യൂട്രോണ്‍-ക്യാപ്ചര്‍ പ്രക്രിയകളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഭാരമേറിയ മൂലകങ്ങളുടെ അളവ് വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.നക്ഷത്രത്തിലെ കാര്‍ബണ്‍ ഐസോടോപ്പ് അനുപാതം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. നക്ഷത്രത്തിനുള്ളില്‍ നടക്കുന്ന കാര്യമായ ആന്തരിക മിശ്രണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യങ്ങളിലുടനീളമുള്ള ഇതിന്റെ സ്‌പെക്‌ട്രല്‍ എനര്‍ജി വിതരണം അധിക ഇന്‍ഫ്രാറെഡ് വികിരണം കാണിക്കുന്നുണ്ട്.നക്ഷത്രത്തിന് ചുറ്റും പൊടിപടലങ്ങളുടെ സാന്നിധ്യമുണ്ടാകാമെന്ന സൂചനയാണിത് നല്‍കുന്നത്. ഈ നിരീക്ഷണങ്ങളെല്ലാം നക്ഷത്രത്തിന്റെ പരിണാമത്തെയും അത് രൂപം കൊണ്ട രാസ പരിസ്ഥിതിയെയും കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുന്നു.നമ്മുടെ ഗാലക്‌സിയില്‍ അവശേഷിക്കുന്ന ഏറ്റവും പഴക്കമുള്ള വസ്തുക്കളില്‍ ഒന്നാണ് ലോഹാംശം കുറഞ്ഞ ഇത്തരം പുരാതന നക്ഷത്രങ്ങളെന്ന് പഠനത്തിന്റെ സഹ-രചയിതാവും ഐഐഎ ഗവേഷകയുമായ അരുണ ഗോസ്വാമി പറഞ്ഞു. ആദ്യത്തെ നക്ഷത്ര സ്‌ഫോടനങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട വാതകങ്ങളില്‍ നിന്നാണ് ഇവ രൂപം കൊണ്ടത്. 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ന്യൂക്ലിയോസിന്തസിസിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഇവയുടെ രാസഘടന സഹായിക്കുന്നു.നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ജീവന്റെയും അടിസ്ഥാന ഘടകങ്ങളായി പിന്നീട് മാറിയ മൂലകങ്ങള്‍ ഉപയോഗിച്ച്‌ ആദ്യ തലമുറ നക്ഷത്രങ്ങള്‍ എങ്ങനെയാണ് പ്രപഞ്ചത്തെ സമ്പുഷ്ടമാക്കിയതെന്ന് മനസ്സിലാക്കാന്‍ ഇത്തരം കണ്ടെത്തലുകള്‍ നമ്മെ കൂടുതല്‍ അടുപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

നക്ഷത്രത്തില്‍ കണ്ടെത്തിയ മൂലകങ്ങളുടെ ഘടനയുടെ ഉത്ഭവം കണ്ടെത്തുന്നതിനായി, അളന്നെടുത്ത മൂലകങ്ങളുടെ അളവുകളെ സൈദ്ധാന്തിക ന്യൂക്ലിയോസിന്തസിസ് മോഡലുകളുടെ പ്രവചനങ്ങളുമായി ഗവേഷകര്‍ താരതമ്യം ചെയ്തു.പുതുതായി കണ്ടെത്തുന്ന ഓരോ പ്രാചീന നക്ഷത്രവും ക്ഷീരപഥത്തിന്റെ ആദ്യകാല ചരിത്രവും ആദ്യ നക്ഷത്രങ്ങളുടെ ജീവിതവും പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ദക്ഷിണ്‍ കാംരൂപ് കോളേജിലെ പാര്‍ത്ഥ പ്രതിം ഗോസ്വാമി പറഞ്ഞു.റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ ജേണലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൂര്യനും സൗരയൂഥവും രൂപം കൊള്ളുന്നതിനും എത്രയോ മുമ്പ്, 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group