ബംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം പ്രഗതിനഗർ സ്വദേശി ശ്യാം എലിസാണ് (32) മരിച്ചത്.മഡിവാള ടീച്ചേഴ്സ് കോളനിയിലെ സില്‍ക്ക് ബോർഡ് ഔട്ടർ റിംഗ് റോഡിലായിരുന്നു അപകടം.കോറമംഗലയിലെ ഒരു ജിമ്മില്‍ പരിശീലകനായി ജോലി ചെയ്തിരുന്ന ശ്യാം, ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ടീച്ചേഴ്സ് കോളനി ഭാഗത്ത് എത്തിയപ്പോള്‍ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നതിനാല്‍ ഗതാഗതം തടസപ്പെടുത്തി കല്ലുകള്‍ നിരത്തിയിട്ടിരുന്നു. കല്ലുകള്‍ക്കിടയിലൂടെ സ്കൂട്ടർ ഓടിച്ച് ഔട്ടർ റിംഗ് റോഡില്‍ എത്തിയ ശ്യാം വാഹനം നിർത്തി സമീപത്ത് നില്‍ക്കുകയായിരുന്നു.
ഈ സമയത്താണ് അമിതവേഗത്തലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തില്‍ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വഴിയാത്രക്കാരും പൊലിസും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കാർ നിർത്താതെ ഡ്രൈവർ കടന്നുകളഞ്ഞു.ശ്യാമിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാർ ഇടിക്കുന്നത് വ്യക്തമാണെങ്കിലും ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവായതിനാല്‍ കാർ ഏതാണെന്നും നമ്പറോ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പൊലിസ് അറിയിച്ചു. ഒളിവില്‍ പോയ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.