Home കർണാടക കന്നഡ സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തഴയുന്നു, ബെംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാര്‍

കന്നഡ സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തഴയുന്നു, ബെംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികള്‍ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ബോധപൂർവ്വം മാറ്റിനിർത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തില്‍ കടുത്ത പ്രതിഷേധവുമായി കർണാടക.റെസ്യൂമേകളില്‍ കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തിയാല്‍ തഴയപ്പെടുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പും വീഡിയോയും വൈറലായതോടെയാണ് കടുത്ത നിലപാടുമായി സർക്കാർ രംഗത്തെത്തിയത്. കന്നഡികരെ തഴഞ്ഞാല്‍ സ്വകാര്യ കമ്പനികള്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തന്നെ മുന്നറിയിപ്പ് നല്‍കി. കന്നഡിഗർ ജോലിക്കായി അപേക്ഷിച്ചാല്‍ 100ല്‍ മൂന്നോ നാലോ പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്.ഐടി തൊഴില്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്ന ഭൂമിയാണ് ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കണ്‍ വാലി.

രാജ്യത്തിന്റെ ഈ സാങ്കേതിക തലസ്ഥാന നഗരിയില്‍ കന്നഡികർ വിവേചനം നേരിടുന്നു എന്ന ആരോപണമാണ് വലിയ സോഷ്യല്‍ മീഡിയ ഡിബേറ്റിന് വഴിയൊരുക്കിയിരിക്കുന്നത്. റെസ്യൂമെയില്‍ മാതൃഭാഷ കന്നഡയെന്ന് രേഖപ്പെടുത്തുന്നവരെ ചില ഐടി കമ്പനികള്‍ അഭിമുഖത്തിലേക്ക് പോലും പരിഗണിക്കുന്നില്ലെന്ന എക്സിലെ പോസ്റ്റാണ് വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.ബെംഗളൂരുവിലെ ഇസ്‌തെനോസ് ടെക്നോളജീസ് എന്ന സ്ഥാപനം ക്വാളിറ്റി അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്, തെലുങ്ക് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ പരസ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച യുവതിയും ചർച്ചകള്‍ക്ക് ആക്കം കൂട്ടി. സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ കന്നഡ അനുകൂല സംഘടനകളും പ്രവർത്തകരും വിഷയത്തില്‍ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഐടി കന്പനികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കന്നഡികരുടെ അവകാശങ്ങളും അഭിമാനവും തൊഴില്‍ അവസരങ്ങളും അവഗണിക്കാൻ അനുവദിക്കില്ലെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനം മനഃപൂർവം കന്നഡികരെ മാറ്റിനിർത്തുന്നതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.ഈ വിവാദം നേരത്തെ ഉയർന്നപ്പോള്‍ 2024ല്‍ സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ കന്നഡികർക്ക് സംവരണം ഉറപ്പാക്കാനുള്ള ബില്‍ കർണാടക മന്ത്രിസഭ അംഗീകരിച്ചിരുന്നു. വ്യവസായ മേഖലയുടെ എതിർപ്പിനെത്തുടർന്നാണ് പിന്നീട് ഈ ബില്ലില്‍ നിന്ന് പിന്നോട്ടുപോയത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ബില്ലുമായി സർക്കാർ മുന്നോട്ടുപോകണമെന്ന ആവശ്യം തീവ്ര കന്നഡ സംഘടനകള്‍ ഉയർത്തുമ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആകെ ആക്ഷേപിക്കപ്പെടുന്നതില്‍ ഐടി മേഖലയും അസ്വസ്ഥമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group